‘ഇതൊരു കറുത്ത ദിനം, സർക്കാറിന്റെ ബലഹീനത’; ഇന്ത്യക്കാരുടെ നാടുകടത്തലിൽ ഗൗരവ് ഗൊഗോയ്
text_fieldsന്യൂഡൽഹി: യു.എസിൽ അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരെ നാടുകടത്തിയ നടപടിക്കെതിരെ കോൺഗ്രസ് എം.പിമാർ. ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്ന രീതി സർക്കാറിന്റെ ബലഹീനതയാണ് കാണിക്കുന്നതെന്ന് സർക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു. സ്ത്രീകളോട് പെരുമാറിയ രീതിയും കുറ്റവാളികളെപ്പോലെ വിലങ്ങുവെച്ച് തിരികെ കൊണ്ടുവന്നതുമടക്കം രാജ്യത്തെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല’ -അദ്ദേഹം പാർലമെന്റ് സമുച്ചയത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ നിലയേക്കാൾ അദ്ദേഹത്തിന്റെ പ്രതിച്ഛായക്കാണ് പ്രാധാന്യമെന്നും അദ്ദേഹം ആരോപിച്ചു. ‘ഇതൊരു കറുത്ത ദിനമാണ്...പ്രധാനമന്ത്രി നിശബ്ദനാണ്. സ്ത്രീകളോട് പെരുമാറിയതും കുറ്റവാളികളെപ്പോലെ വിലങ്ങുവെച്ച് തിരികെ കൊണ്ടുവന്നതും രാജ്യത്തിന് അപമാനമാണെന്നും ഗൊഗോയ് പറഞ്ഞു.
അനധികൃതമായി താമസിക്കുന്നവരെ നാടുകടത്താൻ യു.എസിന് നിയമപരമായ അവകാശമുണ്ടെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ പറഞ്ഞു. എന്നാൽ അവരെ തിരിച്ചയച്ച രീതിയിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു. ഇതിനായി ഒരു സിവിലിയൻ വിമാനം ഉപയോഗിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂലിന്റെ കീർത്തി ആസാദും ഇന്ത്യക്കാരെ തിരിച്ചയച്ച രീതിയെ ചോദ്യം ചെയ്തു. സംഭവം വേദനാജനകമാണെന്ന് അവർ വിശേഷിപ്പിച്ചു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഇന്ത്യയും യു.എസും തമ്മിലുള്ള നയതന്ത്രബന്ധം എന്തുകൊണ്ട് പ്രയോജനപ്പെടുത്തുന്നില്ലെന്ന് മറ്റൊരു കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ആശ്ചര്യപ്പെട്ടു.
കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, എസ്.പി നേതാവ് അഖിലേഷ് യാദവ് എന്നിവരുൾപ്പെടെ പ്രതിപക്ഷ എം.പിമാർ പാർലമെന്റ് സമുച്ചയത്തിൽ പ്രകടനം നടത്തി യു.എസ് അധികൃതർ ഇന്ത്യക്കാരോട് കാണിക്കുന്ന പെരുമാറ്റത്തിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാക്കളിൽ ചിലർ കൈവിലങ്ങ് ധരിച്ചാണ് പ്രതിഷേധിച്ചത്.
എന്നാൽ, ഉചിതമായ സമയത്ത് സർക്കാർ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ പറഞ്ഞു. ഇത് നയപരമായ തീരുമാനമാണെന്നും പ്രതിപക്ഷം ഇതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും പാസ്വാൻ കൂട്ടിച്ചേർത്തു.
104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി യു.എസ് സൈനിക വിമാനം ബുധനാഴ്ച അമൃത്സറിൽ ഇറങ്ങി. ട്രംപ് സർക്കാർ നാടുകടത്തിയ ഇന്ത്യക്കാരുടെ ആദ്യ ബാച്ച് യാത്രയിലുടനീളം തങ്ങളുടെ കൈകളും കാലുകളും ബന്ധിക്കപ്പെട്ടിരുന്നുവെന്നും അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയതിന് ശേഷം മാത്രമാണ് തങ്ങളുടെ വിലങ്ങഴിച്ചതെന്നും നാടുകടത്തപ്പെട്ടവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.