സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്റെ കാപട്യം തിരിച്ചറിയണം- കോൺഗ്രസ്
text_fieldsന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ സ്വയം പ്രഖ്യാപിത വിശ്വഗുരു പരിസ്ഥിതിയെ കുറിച്ച് നടത്തിയ പൊള്ളയായ വലിയ പ്രസ്താവനയുടെ കാപട്യം തിരിച്ചറിയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ വന - ജൈവ വൈവിധ്യങ്ങൾക്കുള്ള സംരക്ഷണം തകർത്ത് ആദിവാസികളുടെയും വനത്തെ ആശ്രയിച്ച് കഴിയുന്ന സമൂഹങ്ങളുടെയും അവകാശങ്ങളിൽ വെള്ളം ചേർത്താണ് പരിസ്ഥിതിയെയും കാലാവസ്ഥയെയും തുല്യതയെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയിൽ സംസാരിച്ചതെന്ന് കോൺഗ്രസ് വിമർശിച്ചു.
2014ൽ ദൂരദർശൻ പരിപാടിയിൽ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ചോദിച്ച കുട്ടികളോട് ‘കാലാവസ്ഥ മാറിയിട്ടില്ല, മാറിയത് നമ്മളാണ് എന്ന് പറഞ്ഞ സ്വയം പ്രഖ്യാപിത വിശ്വഗുരു കാപട്യത്തിൽ ഏറെ ദൂരം മുന്നോട്ടുപോയിരിക്കുകയാണെന്ന് മുൻ കേന്ദ്ര പരിസ്ഥിതി വനംമന്ത്രി കൂടിയായ ജയ്റാം രമേശ് പരിഹസിച്ചു. കോവിഡ് വ്യാപനത്തിന്റെ മറവിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള 39 ചട്ടങ്ങൾ നിയമവിരുദ്ധമായി ഭേദഗതി ചെയ്ത പ്രധാനമന്ത്രി തങ്ങൾ ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ മുൻ നിരയിലാണെന്ന് ജി20യിൽ അവകാശപ്പെട്ടത് കാപട്യത്തിന്റെ ഉദാഹരണമായി കോൺഗ്രസ് മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പരിസ്ഥിതി സംരക്ഷണം ഒന്നാകെ പൊളിച്ചടുക്കി വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന സമൂഹത്തിലെ ഏറ്റവും പാർശ്വവത്കൃത വിഭാഗങ്ങളുടെ അവകാശങ്ങൾ പിടിച്ചെടുത്താണ് ‘സമൂഹത്തിലെ അവസാന വ്യക്തിയുടെയും വികസന’ത്തെ കുറിച്ച് മോദി ജി20 വേദിയിൽ സംസാരിച്ചത്. പ്രധാനമന്ത്രി സംസാരിച്ചതിന് വിപരീതമാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന 2023ലെ ജൈവ വൈവിധ്യ ബിൽ. സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന ജൈവ വൈവിധ്യ ബോർഡിനെ പൂർണമായും മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കുകയാണ് ചെയ്തതെന്ന് ജയറാം രമേശ് വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.