കേന്ദ്ര സർവിസിലെ പുറത്തുനിന്നുള്ള നിയമനം: പ്രതിഷേധവുമായി കോൺഗ്രസ്, എസ്.പി, ബി.എസ്.പി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ സർവിസിലെ ഉന്നത തസ്തികകളിൽ ‘ലാറ്ററൽ എൻട്രി’ വഴി ആളെ നിയമിക്കാനുള്ള പദ്ധതിയെ രൂക്ഷമായി വിമർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എസ്.പി, ബി.എസ്.പി പാർട്ടികളും രംഗത്ത്. യു.പി.എസ്.സിക്ക് പകരം ആര്.എസ്.എസ് വഴി ജീവനക്കാരെ നിയമിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഇത് ഭരണഘടനക്ക് നേരെയുള്ള അതിക്രമമാണ്. പട്ടിക വിഭാഗങ്ങളുടെ സംവരണം പിടിച്ചുപറിക്കുകയാണ് സർക്കാറെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പ്രധാന പദവികളിൽ പിന്നാക്കക്കാരുടെ അഭാവം പരിഹരിക്കുന്നതിന് പകരം ലാറ്ററൽ എൻട്രി വഴി അവരെ കൂടുതൽ അകറ്റുകയാണ്. സംവരണമടക്കമുള്ള സാമൂഹിക നീതിയെന്ന ആശയത്തിനുനേരെയുള്ള ആക്രമണമാണിത്. ജോലിക്കായി തയാറെടുക്കുന്ന യുവാക്കളുടെ അവകാശം തട്ടിപ്പറിക്കലുമാണ്.
കോര്‍പറേറ്റുകളുടെ പ്രതിനിധികള്‍ പ്രധാന സര്‍ക്കാര്‍ പദവികള്‍ കൈവശംവെച്ചാല്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് ‘സെബി’യെന്ന് രാഹുൽ കുറിപ്പിൽ പറഞ്ഞു. പത്ത് ജോയന്റ് സെക്രട്ടറിമാര്‍, 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ സ്വകാര്യ മേഖലകളില്‍നിന്ന് നിയമിക്കാനാണ് കേന്ദ്രതീരുമാനം. ഒന്നര ലക്ഷം മുതല്‍ 2.7 ലക്ഷം വരെയാണ് പ്രതിമാസ ശമ്പളം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി. സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരിക്കുന്നത്. ആഭ്യന്തരം, വിദ്യാഭ്യാസം, ഐ.ടി, കോര്‍പറേറ്റ് അഫയേഴ്സ്, വിദേശകാര്യം, സ്റ്റീല്‍, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കാണ് ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരുടെ നിയമനം. നിയമനം സംബന്ധിച്ച് യു.പി.എസ്.സി ശനിയാഴ്ച വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
കേന്ദ്ര തീരുമാനത്തിനെതിരെ സമരം തുടങ്ങുമെന്ന് എസ്.പി മേധാവി അഖിലേഷ് യാദവ് പറഞ്ഞു. ബി.ജെ.പി അവരുടെ ആശയ വക്താക്കളെ വഴിവിട്ട് നിയമിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തീരുമാനം ഭരണഘടന വിരുദ്ധമാണെന്ന് ബി.എസ്.പി മേധാവി മായാവതി പറഞ്ഞു. ഉന്നത തസ്തികകളിലേക്ക് ഏകപക്ഷീയ നിയമനത്തിനാണ് ബി.ജെ.പി ശ്രമം. ഇത് സംവരണത്തെ അട്ടിമറിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.