സെബി അധ്യക്ഷയുടെ രാജിക്ക് സമ്മർദം ശക്തമാക്കി കോൺഗ്രസ്
text_fieldsന്യൂഡൽഹി: സെബി അധ്യക്ഷയുടെ രാജിക്കായി സമ്മർദം ശക്തമാക്കി കോൺഗ്രസ്. അമേരിക്കൻ സ്വകാര്യ നിക്ഷേപ സ്ഥാപനമായ ബ്ലാക് സ്റ്റോണുമായി സെബി അധ്യക്ഷക്കും ഭർത്താവിനുമുള്ള ബന്ധം സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളാണ് വിഷയത്തിൽ പുറത്തുവരുന്നത്. ഈ അവസരത്തിൽ സുപ്രീംകോടതി നിർദേശപ്രകാരം അദാനി ഗ്രൂപ്പിനെതിരെ സെബി നടത്തുന്ന അന്വേഷണം എത്രത്തോളം വിശ്വസനീയമാണെന്നും ജയറാം രമേശ് എക്സിലെ കുറിപ്പിൽ ചോദിച്ചു. ബ്ലാക് സ്റ്റോണുമായുള്ള ബന്ധം സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ അവർക്ക് നിഷേധിക്കാനായിട്ടില്ല. മാധബി പുരി ബുച്ച് സെബി ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് പിന്മാറണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
സെബി ചട്ടപ്രകാരം വീഴ്ച കണ്ടെത്തിയാൽ കേന്ദ്ര ഗവൺമെന്റിനാണ് അധ്യക്ഷയെ നീക്കാൻ അധികാരമുള്ളത്. ദിനംപ്രതി കൂടുതൽ ആരോപണങ്ങളും വെളിപ്പെടുത്തലും അധ്യക്ഷക്കെതിരെ പുതുതായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരായേക്കുമെന്നാണ് കരുതപ്പെടുന്നത്. അദാനി ഗ്രൂപ്പിനെതിരെ സെബിയുടെ അന്വേഷണം കാര്യമായി മുന്നോട്ടുപോകാത്തത് മാധബിയുടെ സ്വാധീനം കൊണ്ടാണെന്നും വിവിധ ഷെല്‍ കമ്പനികളില്‍ മാധവി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നും കഴിഞ്ഞ ആഴ്ച ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. മാധബിക്ക് അഗോറ അഡ്വൈസറി എന്ന പേരില്‍ ഇന്ത്യയില്‍ കണ്‍സൽട്ടന്‍സി സ്ഥാപനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. ഇതിന് പിന്നാലെ, സെബിയുടെ തലപ്പത്തിരിക്കെ, മാധബി പുരി ബുച്ച് ചട്ടവിരുദ്ധമായി കണ്‍സൽട്ടന്‍സി സ്ഥാപനം നടത്തി വരുമാനം നേടിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വതന്ത്ര പ്രവര്‍ത്തനാധികാരമുള്ള സ്ഥാപനത്തിന്റെ ഉന്നത സ്ഥാനത്ത് എത്തിയതിനുശേഷവും സ്വന്തം കമ്പനിയിലെ ഓഹരി നിക്ഷേപം തുടര്‍ന്നത് ഗുരുതര ചട്ടലംഘനമാണെന്നാണ് വിലയിരുത്തല്‍. ഇതിനെല്ലാം പിന്നാലെ, അമേരിക്കൻ വൻകിട നിക്ഷേപ സ്ഥാപനമായ ബ്ലാക് സ്റ്റോണുമായുള്ള മാധബി ബുച്ചിന്റെയും ഭർത്താവിന്റെയും ബന്ധവും വാർത്തയാവുകയാണ്.
സെബി അധ്യക്ഷക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ എത്തുന്നതോടെ എൻ.ഡി.എ ഘടകകക്ഷികളുടെ നിലപാടും നിർണായകമാവും. കഴിഞ്ഞ മാർച്ചിൽ ഹിൻഡൻബർഗ് വെളിപ്പെടുത്തലിനെ തുടർന്ന് സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്ന ജനതാദൾ യുനൈറ്റഡ് അടക്കമുള്ളവർ നിലവിൽ എൻ.ഡി.എയുടെ ഭാഗമാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായ ശേഷം മുന്നണിയിൽ നിലപാട് വ്യക്തമാക്കുമെന്ന് ടി.ഡി.പിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.