ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിൻവലിക്കൽ: ലോക്സഭയിൽ കോൺഗ്രസ് പ്രതിഷേധം
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ഏർപ്പെടുത്തിയിരുന്ന എസ്.പി.ജി സുരക്ഷ പിൻവലിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ലോക്സഭയിൽ അടിയന്തര പ്രമേയം. പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് കോൺഗ്രസ് സുരക്ഷാ വിഷയം ലോക്സഭയിൽ ഉന്നയിച്ചത്. 28 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനുള്ള എസ്.പി.ജി സുരക്ഷ പിൻവലിച്ചത്.
സോണിയ ഗാന്ധിക്കും രാഹുല് ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമുള്ള സുരക്ഷ കഴിഞ്ഞ ദിവസം സി.ആർ.പി.എഫ് ഏറ്റെടുത്തിരുന്നു. ഇസ്രായേലി എക്സ് -95, എ.കെ സീരീസ്, എം.പി-അഞ്ച് തോക്ക് അടക്കമുള്ള ആയുധങ്ങളുമായാണ് സി.ആർ.പി.എഫ് സുരക്ഷയൊരുക്കുക.
വി.വി.ഐ.പികൾക്കുള്ള പ്രത്യേക സുരക്ഷ സേനയുടെ കീഴിൽ ഇസെഡ് പ്ലസ് സുരക്ഷയാണ് ഇനി ഗാന്ധി കുടുംബത്തിന് നൽകുക. ആയുധധാരികളായ കമാൻഡോ സംഘം 10 ജൻപഥിലെ സോണിയയുടെ വസതിക്ക് കാവലൊരുക്കും. സമാന സുരക്ഷതന്നെയാണ് കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ തുഗ്ലക് ലെയ്നിലെ വീടിനും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ലോധി എസ്റ്റേറ്റിലെ വീടിനും നൽകുക.
നിലവിൽ മുൻ പ്രധാനമന്ത്രിമാരടക്കം 52 പേർക്കാണ് വി.വി.ഐ.പി സുരക്ഷ നൽകുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നീത അംബാനി എന്നിവർ ഇതിൽ ചിലരാണ്. എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ സുരക്ഷ ജീവനക്കാർ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ 1985ലാണ് എസ്.പി.ജി സുരക്ഷ സംവിധാനം വന്നത്. സായുധരടക്കം 4000 പേരാണ് എസ്.പി.ജി അംഗങ്ങൾ. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്ങിന്റെയും എച്ച്.ഡി. ദേവഗൗഡയുടെയും സുരക്ഷ നേരത്തേ പിൻവലിച്ചിരുന്നു. അതേസമയം, മുൻ പ്രധാനമന്ത്രി വാജ്പേയിക്ക് മരിക്കുംവരെ എസ്.പി.ജി സുരക്ഷയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.