കർണാടകയിൽ കോൺഗ്രസിന് തന്ത്രം മെനഞ്ഞ സുനിൽ കനുഗോലുവിന് പുതിയ ദൗത്യം; കാബിനറ്റ് റാങ്കോടെ നിയമനം
text_fieldsബംഗളൂരു: കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി നിയമനം. കാബിനറ്റ് റാങ്കോടെയാണ് നിയമനമെന്ന് കർണാടക സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നു
കഴിഞ്ഞ വർഷം മാർച്ചിലാണ് കോൺഗ്രസിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാനുള്ള ദൗത്യം സുനിലിനെ ഏൽപിച്ചത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ‘ടാസ്ക് ഫോഴ്സ് 2024’ലും അദ്ദേഹം അംഗമാണ്. തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ രാഹുൽ ഗാന്ധിയെ നേരിട്ട് ഉപദേശിക്കുന്ന കോൺഗ്രസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് ഇന്ന് സുനിൽ കനുഗോലു.
കർണാടകയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെല്ലാം ആവിഷ്‌കരിച്ചത് സുനിലിന്റെ നേതൃത്വത്തിലുള്ള 'മൈൻഡ്‌ഷെയർ' എന്ന സംഘമായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനം അദ്ദേഹം ഏറ്റെടുക്കാനെത്തിയപ്പോഴേക്കും അപകടം മണത്ത മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, അദ്ദേഹത്തെ ബി.ജെ.പി പാളയത്തിലെക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. അഭ്യർഥന നിരസിച്ച കനുഗോലു, കോൺഗ്രസ് പ്രത്യയശാസ്ത്രത്തിലാണ് തനിക്ക് വിശ്വാസമെന്നും വ്യക്തമാക്കി. സുനിലും സംഘവും നടത്തിയ സർവേയുടെ അടിസ്ഥാനത്തിലായിരുന്നു സ്ഥാനാർഥികളെ നിർത്തിയത്.
രാഹുൽ ഗാന്ധി കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് നടത്തിയ ഭാരത് ജോഡോ യാത്രയുടെ തന്ത്രങ്ങൾ മെനയുന്നതിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ടായിരുന്നു. ബസവരാജ് ബൊമ്മൈക്കെതിരായ കോൺഗ്രസ് കാമ്പയിനുകളുടെ ആസൂത്രണത്തിന് പിന്നിലും അദ്ദേഹമായിരുന്നു. ബൊമ്മൈയുടെ അഴിമതി ഉയർത്തിക്കാട്ടിയുള്ള 'പേ സി.എം', '40 ശതമാനം സർക്കാർ' തുടങ്ങിയ കാമ്പയിനുകളെല്ലാം അദ്ദേഹത്തിന്റെ തന്ത്രമായിരുന്നെന്നാണ് പറയുന്നത്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ രൂപപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചു.
കർണാടകയിലെ ബെള്ളാരി സ്വദേശിയാണ് കനുഗോലു. വളർന്നതും പഠിച്ചതും ചെന്നൈയിലാണ്. യു.എസിലാണ് ഉന്നത പഠനം പൂർത്തിയാക്കിയത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം, ഗുജറാത്തിൽ രാഷ്ട്രീയ തന്ത്രങ്ങളിൽ ഏർപ്പെടുകയും അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്സിന്‍റെ (എ.ബി.എം) നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
കോൺഗ്രസിനൊപ്പം ചേരുന്നതിന് മുമ്പ് ബി.ജെ.പിക്ക് വേണ്ടിയും സുനിൽ പ്രവർത്തിച്ചിട്ടുണ്ട്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളായിരുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളിലും കനുഗോലുവാണ് ബി.ജെ.പിയുടെ പ്രചാരണ വിഭാഗം കൈകാര്യം ചെയ്തത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ പ്രചാരണത്തിന് മേൽനോട്ടം വഹിച്ചു. ആ തെരഞ്ഞെടുപ്പിൽ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം 39 സീറ്റുകളിൽ 38 എണ്ണവും നേടി. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.