അഗ്നിപഥ് പ്രക്ഷോഭത്തിന്കോൺഗ്രസ് പിന്തുണ
text_fieldsന്യൂഡൽഹി: വിവാദ അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റിനെതിരായി രാജ്യമെങ്ങും അലയടിക്കുന്ന യുവജന പ്രക്ഷോഭത്തിന് സമ്പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് കോൺഗ്രസ്. ലക്ഷ്യബോധമില്ലാത്ത പദ്ധതി പിൻവലിപ്പിക്കാൻ രാജ്യത്തെ യുവജനങ്ങൾക്കൊപ്പമുണ്ടെന്ന് ഉറപ്പു നൽകിക്കൊണ്ട്, ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തി. സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് എം.പിമാരും നേതാക്കളും രാജ്യതലസ്ഥാനത്തെ ജന്തർമന്ദറിൽ സത്യഗ്രഹമിരിക്കുമെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന സത്യഗ്രഹത്തിൽ പാർട്ടി എം.പിമാരും പ്രവർത്തക സമിതി അംഗങ്ങളും എ.ഐ.സി.സി ഭാരവാഹികളും പങ്കെടുക്കും.
ആവശ്യങ്ങൾ നേടിയെടുക്കാനുള്ള യുവാക്കളുടെ പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് ആവശ്യപ്പെട്ട സോണിയ ഗാന്ധി, യുവജനങ്ങൾക്കൊപ്പം വിരമിച്ച ജവാന്മാരും പദ്ധതിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്ത കാര്യം എടുത്തുപറഞ്ഞു. ലക്ഷക്കണക്കിന് ഒഴിവുകളുണ്ടായിട്ടും മൂന്നു വർഷമായി റിക്രൂട്ട്മെന്റ് നിർത്തിവെച്ചതിനെ തുടർന്ന് തകർന്നുപോയ ചെറുപ്പക്കാരുടെ വേദന തനിക്കു മനസ്സിലാകുമെന്നും ഉദ്യോഗാർഥികൾക്കായി എഴുതിയ കത്തിൽ കോൺഗ്രസ് അധ്യക്ഷ കൂട്ടിച്ചേർത്തു. ഇതിനിടെ, കാർഷിക നിയമങ്ങൾ പിൻവലിച്ച പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, യുവജനരോഷം ഭയന്ന് അഗ്നിപഥിൽനിന്ന് പിന്നാക്കം പോവേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ എട്ടുവർഷമായി 'ജയ് ജവാൻ, ജയ് കിസാൻ' മൂല്യങ്ങളെ തകർക്കുകയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.
സേനാവിഭാഗങ്ങളിൽ ജോലി നേടാൻ ഊണും ഉറക്കവുമൊഴിച്ച് കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ വേദന സർക്കാർ മനസ്സിലാക്കണമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.