ബിഹാറിലെ ഏക സിറ്റിങ് സീറ്റിൽ കോൺഗ്രസ് വിയർക്കുന്നു
text_fieldsകൊടുംചൂടിലും പ്രസംഗം കേട്ടുനിൽക്കുന്ന അനുയായികളെ കൈയിലെടുത്ത് ഉവൈസി കത്തിക്കയറുകയാണ്. സി.എ.എ കൊണ്ടുവന്നപ്പോൾ അത് കരിനിയമമാണെന്ന് പറഞ്ഞ് മോദിക്കും 300 ബി.ജെ.പി എം.പിമാർക്കും മുന്നിൽ എഴുന്നേറ്റുനിന്ന് ആ ബിൽ കീറിയെറിഞ്ഞത് മജ്ലിസ് എം.പിമാരാണ്. സി.എ.എക്ക് പിന്നാലെ എൻ.ആർ.സിയും എൻ.പി.ആറും കൊണ്ടുവരും.
സീമാഞ്ചൽ മേഖലയിൽ കിഷൻഗഞ്ചിന് തൊട്ടുകിടക്കുന്ന മണ്ഡലമായ പൂർണിയയിൽ വന്നും മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്ന് മോദി വിളിക്കുന്നത് എൻ.ആർ.സിയും എൻ.പി.ആറും കൊണ്ടുവരുന്നതിന്റെ മുന്നോടിയാണ്. നമ്മളെ നുഴഞ്ഞുകയറ്റക്കാരെന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 26ന് പട്ടത്തിൽ കുത്തി അക്തറുൽ ഈമാനെ വിജയിപ്പിച്ച് മറുപടി നൽകില്ലേ എന്ന് വിളിച്ചുചോദിക്കുന്ന ഉവൈസിക്ക് അതേ എന്ന് മറുപടി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ബി.ജെ.പിയും ജനതാദൾ യുവും അടങ്ങുന്ന എൻ.ഡിഎ 40ൽ 39 സീറ്റും തൂത്തുവാരിയപ്പോൾ ആകെക്കൂടി പ്രതിപക്ഷത്തിന്റെ ആശ്വാസ തുരുത്തായി നിന്ന മണ്ഡലമായ കിഷൻഗഞ്ച് നിലനിർത്താൻ കോൺഗ്രസ് സ്ഥാനാർഥി വിയർക്കുകയാണ്.
അതേസമയം ബിഹാറിലെ ഏറ്റവും പിന്നാക്കവും പരമദരിദ്രവുമായ സീമാഞ്ചൽ മേഖലയിലെ നാല് ലോക്സഭ മണ്ഡലങ്ങളിലൊന്നായ കിഷൻഗഞ്ചിലെ 68 ശതമാനം മുസ്ലിംകളെ കണ്ടാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേതുപോലെ ലോക്സഭയിലേക്കും ബിഹാറിൽനിന്ന് അക്കൗണ്ട് തുറക്കാൻ ഉവൈസി നോക്കുന്നത്.
അഖ്തറുൽ ഈമാനുമായി ത്രികോണ മത്സരത്തിലുള്ള കോൺഗ്രസിന്റെ ജാവേദിനും ജെ.ഡി.യുവിന്റെ മുജാഹിദിനും എന്തുകൊണ്ട് വോട്ടുചെയ്യരുതെന്നും ഉവൈസി ഓർമിപ്പിക്കുന്നു. അഞ്ച് കൊല്ലം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്ത, കൊറോണയുടെ കാലത്തുപോലും സഹായമൊന്നും ചെയ്യാത്ത ജാവേദിനെ വോട്ടെടുപ്പുവേളയിൽ ജനവും നോക്കേണ്ട കാര്യമില്ല.
ജെ.ഡി.യുവിന്റെ മുജാഹിദ് ആലത്തിന് ചെയ്യുന്ന ഓരോ വോട്ടും അദ്ദേഹത്തിന്റെ യജമാനനായ മോദിക്കുള്ളതാണ്. ഒടുവിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ മോദിക്കെതിരെ അനുയായികളെകൊണ്ട് ഈ പ്രതിജ്ഞ എടുപ്പിച്ചാണ് ഉവൈസി പ്രസംഗം അവസാനിപ്പിച്ചത്.
മുഹമ്മദ് ജാവേദും അക്തറുൽ ഈമാനും മത്സരരംഗത്തുണ്ടായിരുന്ന 2019ലും ത്രികോണ മത്സരമായിരുന്നു. എന്നാൽ, 3.67 ലക്ഷം വോട്ട് നേടി എം.പിയായ മുഹമ്മദ് ജാവേദിന് തൊട്ടുപിന്നിലുണ്ടായിരുന്നത് 3.33 ലക്ഷം വോട്ട് നേടിയ അന്നത്തെ ജെ.ഡി.യു സ്ഥാനാർഥി മഹ്മൂദ് അശ്റഫ് ആയിരുന്നു. മജ്ലിസ് സ്ഥാനാർഥി അക്തറുൽ ഈമാന് അന്ന് 2.95 ലക്ഷം വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
എന്നാൽ, അഞ്ച് കൊല്ലം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാതെ അന്നത്തെ വിജയത്തോട് കോൺഗ്രസിന്റെ സിറ്റിങ് എം.പി മുഹമ്മദ് ജാവേദ് നന്ദികേട് കാണിച്ചുവെന്ന പരാതിയാണ് മണ്ഡലത്തിലുടനീളമെന്ന് കൊച്ചാധാമനിലെ കരിയർ കൗൺസിലറും യുവ വോട്ടറുമായ ആയ നഫീസ് സാബിർ പറയുന്നു.
മല്ലികാർജുൻ ഖാർഗെയുടെ റാലിയിൽ മുഹമ്മദ് ജാവേദിനോടുള്ള രോഷം മറന്ന് കോൺഗ്രസിന് വോട്ടുചെയ്യാൻ ആഹ്വാനം ചെയ്തതും അത് കേട്ട ഖാർഗെ വീഴ്ചകൾ തിരുത്താൻ ജാവേദിനോട് ആവശ്യപ്പെട്ടതും കിഷൻഗഞ്ചിലെങ്ങും ചർച്ചയാണ്. റോഡുനിർമാണ പ്രവൃത്തി ലഭിക്കാൻ എട്ട് ലക്ഷം രൂപ കൈക്കൂലി നൽകിയിട്ടും നിർമാണ കരാർ നൽകിയില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന ഡോ. ജാവേദിനെ തടഞ്ഞ സംഭവവും കിഷൻഗഞ്ചിലുണ്ടായി.
ഒന്നുകിൽ അക്തറുൽ ഈമാൻ അല്ലെങ്കിൽ മുഹമ്മദ് ജാവേദ് വിജയിക്കുമെന്ന് പറയുന്ന സാബിർ മുമ്പ് ഇതുപോലൊരു ത്രികോണ മത്സരം നടന്നപ്പോൾ ആർ.ജെ.ഡിയുടെ തസ്ലീമുദ്ദീനും കോൺഗ്രസിന്റെ മൗലാന അസ്റാറുൽഹഖ് ഖാസിമിക്കും ഇടയിലായി മുസ്ലിം വോട്ടുകൾ ഭിന്നിച്ച മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ ബി.ജെ.പി നേതാവ് സയ്യിദ് ശാനവാസ് ഹുസൈൻ താമര വിരിയിച്ചതും ഓർമിപ്പിച്ചു. ഈ തെരഞ്ഞെടുപ്പ് അങ്ങനെയാകില്ലെന്നാണ് സാബിറിന്റെ വിശ്വാസം.
മുസ്ലിംകൾക്കിടയിൽ തദ്ദേശീയരായ സുർജാപൂരി മുസ്ലിംകൾക്കാണ് മേധാവിത്തം. 65 ശതമാനം വരുന്ന സുർജാപൂരി മുസ്ലിംകളുടെ മനസ്സ് കോൺഗ്രസിനൊപ്പമാണ്. ബിഹാറിന് പുറത്തുനിന്ന് കുടിയേറിയവരായ അവശേഷിക്കുന്ന ഷേർഷാബാദി, കുലയ്യ മുസ്ലിംകൾ ഭൂരിഭാഗവും അക്തറുൽ ഈമാനെയും പിന്തുണക്കുന്നു. യുവവോട്ടർമാരേറെയും മാറ്റത്തിനായി അക്തറിന് വോട്ടുചെയ്യണമെന്ന് പറയുമ്പോൾ ജാവേദിനോട് എതിർപ്പുണ്ടെങ്കിലും രാഹുലിനും ഇൻഡ്യക്കുമാണ് വോട്ട് എന്ന് മുതിർന്നവരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.