‘ഒരു പെൺകുട്ടിയിൽ അന്വേഷണം...’; യു.എസ് കോൺഗ്രസിൽ പ്രസംഗിക്കുന്നതിനിടെ മോദിക്ക് നാക്കുപിഴ; പരിഹസിച്ച് കോൺഗ്രസ്
text_fieldsവാഷിങ്ടൺ: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതോടെ രണ്ടുതവണ യു.എസ് കോൺഗ്രസിൽ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രീയനേതാവായി മാറി മോദി. 2016ലായിരുന്നു ആദ്യപ്രസംഗം.
രണ്ടാമതും യു.എസ് കോൺഗ്രസിൽ പ്രസംഗിക്കാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ ആദരമായാണ് കാണുന്നതെന്ന് മോദി പ്രതികരിച്ചിരുന്നു. എന്നാൽ, ടെലിപ്രോംറ്ററിൽ നോക്കി വായിക്കുന്നതിനിടെ മോദിക്ക് നാക്കുപിഴ സംഭവിച്ചിരുന്നു. ഒരു പെൺകുട്ടിയിൽ അന്വേഷണം (ഇൻവെസ്റ്റിഗേറ്റിങ്) നടത്തുന്നത് കുടുംബത്തിന്‍റെ മുഴുവൻ വളർച്ചക്കും സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നായിരുന്നു മോദി വായിച്ചത്.
ഇൻവെസ്റ്റിങ് (നിക്ഷേപം) എന്നതിനു പകരമായാണ് മോദി ഇൻവെസ്റ്റിഗേറ്റിങ് എന്ന് അബദ്ധത്തിൽ വായിച്ചത്. ഇതിന്‍റെ വിഡിയോ കോൺഗ്രസ് സേവാദൾ ഉൾപ്പെടെയുള്ള സംഘടനകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ‘ടെലിപ്രോംറ്ററിൽ മിസ്സിസ് എന്നത് എം.ആർ.എസ് എന്ന് വായിച്ചതിനുശേഷം ഇതാ മറ്റൊന്ന്, ഒരു പെൺകുട്ടിയിൽ അന്വേഷണം...’എന്ന പരിഹാസ കുറിപ്പോടെയാണ് സേവാദൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.