പ്രിയങ്കയിൽ നിന്ന് രണ്ട് കോടിയുടെ ചിത്രം വാങ്ങാൻ കോൺഗ്രസ് റാണയെ നിർബന്ധിച്ചു; ആരോപണവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന ചിത്രം വാങ്ങാൻ യെസ് ബാങ്ക് മുൻ പ്രൊമോട്ടർ റാണ കപൂറിനെ അന്നത്തെ കോൺഗ്രസ് സർക്കാറിലെ മന്ത്രിമാർ ചേർന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ബി.ജെ.പി. റാണ കപൂർ രണ്ട് കോടി രൂപ നൽകാൻ തയാറാകാത്തതിനാൽ കോൺഗ്രസ് മന്ത്രിമാർ ചേർന്ന് അദ്ദേഹത്തെ സമ്മർദത്തിലാക്കി. ചിത്രം വാങ്ങിയില്ലെങ്കിൽ അദ്ദേഹത്തെ നശിപ്പിച്ച് കളയുമെന്ന് മുന്നറിയിപ്പ് നൽകിയതായും ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
പ്രിയങ്ക ഗാന്ധിയിൽ നിന്നും എം.എഫ് ഹുസൈൻ ചിത്രങ്ങൾ രണ്ട് കോടി രൂപക്ക് വാങ്ങാൻ അന്നത്തെ കോൺഗ്രസ് സർക്കാരിലെ ഒരു മന്ത്രി തന്നെ നിർബന്ധിച്ചതായി റാണ കപൂർ അടുത്തിടെ എൻഫോയ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയിൽ ഹനുമാൻ ചാലിസ ചൊല്ലിയവരും രാജസ്ഥാനിലെ വർഗീയ രാഷ്ട്രീയം തുറന്ന് കാട്ടിയ മാധ്യമ പ്രവർത്തകരും ഇന്ന് രാജ്യദ്രോഹ കുറ്റം നേരിടുകയാണ്. ഹനുമാൻ ചാലിസ ചൊല്ലുന്നത് എപ്പോഴാണ് രാജ്യദ്രോഹ കുറ്റമായതെന്നും ഭാട്ടിയ ചോദിച്ചു.
മുൻ കേന്ദ്ര മന്ത്രി മുരളി ദേവ്റയും മകൻ മലിന്ദും ചേർന്ന് ചിത്രം വാങ്ങാൻ കപൂറിനെ പ്രേരിപ്പിച്ചതായി ഇ.ഡിയുടെ കുറ്റപത്രത്തിൽ പറയുന്നുണ്ട്. വിൽപനക്ക് ശേഷം ലഭിച്ച തുക സോണിയ ഗാന്ധിയുടെ ചികിത്സക്ക് വേണ്ടി ഉപയോഗിച്ചതായി ദേവ്റ തന്നോട് പറഞ്ഞെന്നും കപൂർ ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കപൂറിനും കുടുംബത്തിനുമെതിരെ ഇ.ഡിയുടെ അന്വേഷണം തുടരുകയാണ്. വ്യവസായി ഗൗതം ഥാപ്പറിന്റെ അവന്ത കമ്പനിക്ക് അനധികൃതമായി 1900 കോടി രൂപ വായ്പ നൽകിയതിനും കപൂറിനെതിരെ കേസെടുത്തിട്ടുണ്ട്. യെസ് ബാങ്കിൽ നിന്ന് ഥാപ്പറിന്റെ കമ്പനിക്ക് 1,900 കോടി രൂപ വായ്പ നൽകുന്നതിന് കപൂറിന് 300 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് ഇ.ഡി ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.