ഗുജറാത്തിൽ ഗോത്രക്കുതിപ്പ് തുടരാൻ കോൺഗ്രസ്
text_fieldsഅഹ്മദാബാദ്: കാൽനൂറ്റാണ്ടിലേറെയായി ഗുജറാത്ത് നിയമസഭയിൽ ബി.ജെ.പിയുടെ ആധിപത്യം തുടരുകയാണെങ്കിലും ഗോത്രമേഖലയിൽ കോൺഗ്രസ് ഇപ്പോഴും സുശക്തം. കിഴക്കൻ ഗുജറാത്തിലെ 27 പട്ടികവർഗ സീറ്റുകളിൽ നിലവിൽ 15 ഇടത്ത് കോൺഗ്രസാണ്. ബി.ജെ.പിക്ക് എട്ട് സീറ്റ് മാത്രം. ഭാരതീയ ട്രൈബൽ പാർട്ടി (ബി.ടി.പി) രണ്ടിടത്ത് ജയിച്ചിരുന്നു. 2012ൽ ഈമേഖലയിൽ കോൺഗ്രസിന് 16 പേരെ വിജയിപ്പിക്കാനായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനവും ആം ആദ്മി പാർട്ടിയുടെ വരവും കോൺഗ്രസിന്റെ ഗോത്രവോട്ടുകളെ ഇത്തവണയും ഇളക്കാൻ കഴിയില്ലെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധരുടെ അഭിപ്രായം.
ഗുജറാത്ത് പിറവിയെടുത്തത് മുതൽ ഗോത്രമേഖലയിൽ കോൺഗ്രസ് തുടരുന്ന മേധാവിത്വം ഈ തെരഞ്ഞെടുപ്പിലും തുടരുമെന്ന് രാഷ്ട്രീയനിരീക്ഷകനായ ഹരി ദേശായി പറഞ്ഞു. 'മോദി മാജിക് ' കുറഞ്ഞുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടി പ്രതിപക്ഷ വോട്ടുകളെ വിഭജിക്കുമെങ്കിലും കോൺഗ്രസ് ആധിപത്യം തുടരുമെന്നും ദേശായി കൂട്ടിച്ചേർത്തു.
ഗോത്രമേഖലയിലേക്ക് കടന്നുകയറാൻ ബി.ജെ.പി ആഞ്ഞുശ്രമിക്കുകയാണ്. ഗോത്രമേഖലയിലൂടെ അടുത്തിടെ ഗുജറാത്ത് ഗൗരവ് യാത്ര നടത്തിയിരുന്നു. 27ൽ 20 സീറ്റുകളിലും ബി.ജെ.പി ജയിക്കുമെന്ന് ഗോത്ര വികസന മന്ത്രി നരേഷ് പട്ടേൽ അവകാശപ്പെട്ടു. വികസനം വേണമെന്ന് ഗോത്രവിഭാഗക്കാർ ആഗ്രഹിക്കുന്നു. മോദിയുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ഗോത്രവിഭാഗത്തിനിടയിൽ ജനസമ്മതനാക്കി. ആം ആദ്മി പാർട്ടി പ്രതിപക്ഷ വോട്ടുകൾ വിഭജിക്കുന്നത് നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു.
ഗോത്രവിഭാഗക്കാരനായ സുഖ്റാം രത്വക്ക് പ്രതിപക്ഷനേതൃസ്ഥാനം നൽകിയ കോൺഗ്രസ് ഈ മേഖലയിൽ മറിച്ചൊരു ഫലം പ്രതീക്ഷിക്കുന്നില്ല. ബി.ജെ.പിയെ പോലെ വമ്പൻ വാഗ്ദാനങ്ങൾ നൽകുകയല്ല പാർട്ടിയെന്ന് കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.
'ഗോത്രവിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാൻ മുൻകാലങ്ങളിൽ പാർട്ടിയുടെ പ്രയത്നം വോട്ടർമാർക്കറിയാം. അവർക്ക് വനഭൂമിയും വനവിഭവങ്ങളും ഉപയോഗിക്കാനും അനുഭവിക്കാനും അനുമതിനൽകിയത് ഞങ്ങളാണ്. ഗോത്രനേതാവ് അമർ സിങ് ചൗധരിയെ മുഖ്യമന്ത്രിയാക്കിയ പാരമ്പര്യം കോൺഗ്രസിനുണ്ട്' -മനീഷ് ദോഷി പറയുന്നു. ബി.ടി.പിയുമായി കോൺഗ്രസ് സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. നേരത്തേ ആം ആദ്മി പാർട്ടിയുമായി ബി.ടി.പി സഖ്യമുണ്ടാക്കിയിരുന്നെങ്കിലും മധുവിധു തീരുംമുമ്പേ ഇരുകൂട്ടരും പിരിഞ്ഞിരുന്നു.
ഗുജറാത്തിലെ ജനസംഖ്യയുടെ ഏതാണ്ട് 15 ശതമാനം ഗോത്രവിഭാഗക്കാരാണ്. കിഴക്കൻ ഗുജറാത്തിലെ 14 ജില്ലകളിലായി 48 താലൂക്കുകളിലാണ് ഗോത്രവിഭാഗമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.