ഗോവ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ
text_fieldsപനാജി: ഗോവയിൽ അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഈമാസാവസാനം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചൊദൻകർ. യുവാക്കൾക്കും പുതുമുഖങ്ങൾക്കും പട്ടികയിൽ പ്രാമുഖ്യം നൽകും.
കോൺഗ്രസ് വിട്ട് മറ്റു പാർട്ടികളിൽ ചേർന്നവരെ തിരിച്ചെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പനാജിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവക്കുവേണ്ടിയുള്ള സക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാകും. 70 മുതൽ 80 ശതമാനം വരെ സ്ഥാനാർഥികൾ യുവാക്കളും പുതുമുഖങ്ങളും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷം ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. മണ്ഡലങ്ങളിലെ ബ്ലോക്ക് കമ്മിറ്റികൾ നിർദേശിക്കുന്ന സ്ഥാനാർഥികൾക്ക് കൂടുതൽ പരിഗണന നൽകും. അതേസമയം, തെരഞ്ഞെടുപ്പിന് മുമ്പ് മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
2017ലെ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാൽ. 13 സീറ്റുകളിൽ ചുരുങ്ങിയ ബി.ജെ.പി പ്രാദേശിക പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.