കർണാടക വിജയം നല്ല തുടക്കമാക്കാൻ കോൺഗ്രസ്: നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് നേരത്തെ ഒരുക്കം
text_fieldsന്യൂഡൽഹി: കർണാടകയിൽ കുറിച്ച ചരിത്ര വിജയം രാജ്യത്തുടനീളം ആവർത്തിക്കാൻ പടയൊരുക്കം നേരത്തെയാക്കി കോൺഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പ് മാസങ്ങൾ അരികെയെത്തി നിൽക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം എന്നിവിടങ്ങളിലും ജയം പിടിച്ച് പൊതുതെരഞ്ഞെടുപ്പിനു മുമ്പ് നിലമൊരുക്കലാണ് പാർട്ടിയുടെ അടുത്ത ലക്ഷ്യം. ഇതിനായി ഈ സംസ്ഥാനങ്ങളിലെ പാർട്ടി നേതാക്കളുടെ യോഗം മേയ് 24ന് വിളിച്ചുചേർത്തിട്ടുണ്ട്.
രാജസ്ഥാനും ഛത്തിസ്ഗഢും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഭരണവിരുദ്ധ വികാരവും ഉൾപ്പാർട്ടി പോരും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാതെ തണുപ്പിച്ചുനിർത്തുകയാണ് ഇവിടങ്ങളിൽ പാർട്ടിക്കു മുന്നിലെ പ്രധാന വെല്ലുവിളി. മധ്യപ്രദേശിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനം കോൺഗ്രസിന് വോട്ടു നൽകിയതാണെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയും കുറെ എം.എൽ.എമാരും കളംമാറി ബി.ജെ.പിക്കൊപ്പം ചേർന്ന് പാർട്ടിയെ ഭരണത്തിൽനിന്ന് പുറത്താക്കുകയായിരുന്നു. ഈ മൂന്നു സംസ്ഥാനങ്ങൾ മാത്രമല്ല, തെലങ്കാന, മിസോറം എന്നിവിടങ്ങളിലും ജനം കോൺഗ്രസിനെ വിശ്വസിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
24ന് ചേരുന്ന യോഗത്തിൽ ഓരോ സംസ്ഥാനത്തുനിന്നുമുള്ള നേതാക്കളുമായി ഖാർഗെ വെവ്വേറെ സംഭാഷണം നടത്തും. താഴെത്തട്ട് മുതൽ പ്രവർത്തനം സജീവമാക്കുകയാണ് ലക്ഷ്യം. ഭാരത് ജോഡോ യാത്ര കടന്നുപോയ രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പാർട്ടിക്ക് കാര്യമായ സ്വാധീനമുണ്ടാക്കാനാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രതീക്ഷ പങ്കുവെക്കുന്നു. രാജസ്ഥാനിലും ഛത്തിസ്ഗഢിലും സർക്കാറുകൾ നടപ്പാക്കിയ പദ്ധതികൾ കൂടുതലായി ജനത്തിലെത്തിക്കുകയാകും പ്രഥമദൗത്യം.
എന്നാൽ, രാജസ്ഥാനിലടക്കം പടലപ്പിണക്കങ്ങൾ പാർട്ടിയെ മുൾമുനയിൽ നിർത്തുകയാണ്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും സചിൻ പൈലറ്റും തമ്മിലെ പ്രശ്നങ്ങളിൽ ഇനിയും മഞ്ഞുരുക്കമുണ്ടായിട്ടില്ല. മേയ് അവസാനത്തിന് മുമ്പ് പാർട്ടി നേതൃത്വം ഇടപെട്ട് പരിഹരിച്ചില്ലെങ്കിൽ പരസ്യസമരം ആരംഭിക്കുമെന്ന് സചിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജസ്ഥാൻ പി.എസ്.സി പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കുക, സർക്കാർ പരീക്ഷ ചോദ്യപ്പേപർ ചോർച്ചയുമായി ബന്ധപ്പെട്ട് ഇരകൾക്ക് നഷ്ടപരിഹാരം നൽകുക, മുൻ വസുന്ധര രാജെ സർക്കാർ കാലത്തെ അഴിമതികൾ അന്വേഷിക്കുക എന്നിവയാണ് സചിൻ പൈലറ്റിന്റെ ആവശ്യങ്ങൾ. ഛത്തിസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഘേലും മന്ത്രി ടി.എസ്. സിങ് ഡിയോയും തമ്മിലും സമാനമായി തുറന്നപോര് നിലനിൽക്കുകയാണ്.
കർണാടകയിൽ പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിട്ടതാണ് തകർപ്പൻ ജയം നൽകിയിരുന്നത്. മറ്റു സംസ്ഥാനങ്ങളിലും ജയം പിടിക്കാൻ ഇതേ ഐക്യം സാധ്യമാക്കാനാകണം. ഛത്തിസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടാണ് മുഖാമുഖമെങ്കിൽ തെലങ്കാനയിൽ ത്രികോണ മത്സരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.