അങ്കത്തിനൊരുങ്ങാൻ കോൺഗ്രസ്
text_fieldsന്യൂഡൽഹി: കർണാടകയിലെ വൻ വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് പാർട്ടിയെ സജ്ജമാക്കാനുള്ള ഒരുക്കം കോൺഗ്രസ് തുടങ്ങി. ഈ വർഷാവസാനം മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തിങ്കളാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് യോഗം വിളിച്ചുചേർത്തു.
കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പങ്കെടുത്തു. തിങ്കളാഴ്ചത്തെ ചർച്ച പ്രധാനമായും കേന്ദ്രീകരിച്ചത് മധ്യപ്രദേശിലായിരുന്നു. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിമാരായ കമൽനാഥ്, ദിഗ്വിജയ് സിങ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്നിവരാണ് ഈ ചർച്ചയിൽ പങ്കെടുത്തത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദീർഘ ചർച്ചയാണ് നടന്നതെന്ന് യോഗത്തിനുശേഷം രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കർണാടകയിൽ 136 സീറ്റ് ലഭിക്കുമെന്ന് കോൺഗ്രസ് നേരത്തേ പറഞ്ഞതുപോലെ മധ്യപ്രദേശിൽ 150 സീറ്റ് നേടുമെന്നതാണ് പാർട്ടിയുടെ ആഭ്യന്തര കണക്ക്. കർണാടകയിൽ കോൺഗ്രസ് ചെയ്തത് മധ്യപ്രദേശിലും ആവർത്തിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ പരസ്യമായി പരസ്പരം പോരടിക്കുന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സചിൻ പൈലറ്റും കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ചക്ക് തിങ്കളാഴ്ച ഡൽഹിയിലെത്തി. രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് കടക്കുംമുമ്പ് ഇരുനേതാക്കളെയുംകൊണ്ട് ‘വെടിനിർത്തൽ’ കരാറിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ആദ്യം സചിൻ പൈലറ്റുമായും പിന്നീട് അശോക് ഗെഹ്ലോട്ടുമായും ഒറ്റക്കൊറ്റക്കാണ് ചർച്ച.
ബി.ജെ.പി നില മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന തെലങ്കാനയിൽ കോൺഗ്രസ് പുതിയ സഖ്യസാധ്യത തേടുകയാണ്. തെലങ്കാന വൈ.എസ്.ആർ കോൺഗ്രസ് പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ സഹോദരിയുമായ ഷർമിള റെഡ്ഢിയുമായാണ് കോൺഗ്രസ് സഖ്യത്തിനുള്ള ശ്രമം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.