ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ്
text_fieldsബംഗളൂരു: അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങാൻ കോൺഗ്രസ് തീരുമാനം. പാർട്ടി അച്ചടക്കം ലംഘിക്കുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കാനും കെ.പി.സി.സി ഓഫിസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനകൾ നടത്തിയിരുന്നു.
ഉടൻ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകും എന്നതടക്കമുള്ള പ്രസ്താവനകളാണ് വന്നത്. ഇതോടെയാണ് ബുധനാഴ്ച എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ ബംഗളൂരുവിൽ അടിയന്തര സന്ദർശനം നടത്തി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. ചില മന്ത്രിമാരും എം.എൽ.എമാരും പാർട്ടി അച്ചടക്കം ലംഘിച്ച് പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ മുഖ്യമന്ത്രിയോടോ കെ.പി.സി.സി പ്രസിഡന്റിനോടോ ആണ് പറയേണ്ടത്.
പൊതുജനമധ്യത്തിൽ പാടില്ല. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പ്രസിഡന്റിന് കർശന നിർദേശം നൽകിയതായും സുർജേവാല യോഗത്തിനു ശേഷം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ നടത്താനുള്ള സന്ദർഭമാണിത്. കോൺഗ്രസ് സംസ്ഥാനത്ത് നടപ്പാക്കിയ ജനക്ഷേമ പദ്ധതികളടക്കം മുൻനിർത്തിയാണ് തെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുചോദിക്കുകയെന്നും വൻവിജയം നേടുമെന്നും നേതാക്കൾ പറഞ്ഞു. 20ലധികം സീറ്റുകൾ കോൺഗ്രസ് കർണാടകയിൽ നേടും. സ്ഥാനാർഥികളുടെ സാധ്യതാപട്ടിക 15 ദിവസങ്ങൾക്കുള്ളിൽ തയാറാക്കാൻ മുഖ്യമന്ത്രിയോടും കെ.സി.സി പ്രസിഡന്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അവർ ജില്ല കമ്മിറ്റികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പട്ടിക തയാറാക്കുമെന്നും സുർജേവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.