എട്ടാം വാർഷികം: മോദി സർക്കാറിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന റിപ്പോർട്ട് കാർഡുമായി കോൺഗ്രസ്
text_fieldsമുംബൈ: രാജ്യത്ത് നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറി എട്ട് വർഷം തികയുന്ന സാഹചര്യത്തിൽ സർക്കാർ പ്രവർത്തനത്തെ വിലയിരുത്തി റിപ്പോർട്ട് കാർഡ് പുറത്തിറക്കുമെന്ന് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ അജയ് മാക്കനെയും രൺദീപ് സുർജേവാലയെയുമാണ് റിപ്പോർട്ട് കാർഡുകൾ തയാറാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ, വിദേശനയം, സാമുദായിക സൗഹാർദം, പണപ്പെരുപ്പം തുടങ്ങിയ വിവിധ മേഖലകളിൽ മോദി സർക്കാറിന്റെ പരാജയങ്ങൾ ഉയർത്തിക്കാട്ടുന്ന റിപ്പോർട്ട് കാർഡ് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ കമ്യൂണിക്കേഷൻ വിഭാഗം തയാറാക്കി കഴിഞ്ഞതായി റിപ്പോർട്ട്.
മോദി സർക്കാറിന്‍റെ കീഴിൽ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്. പണപ്പെരുപ്പം ഉയരുകയും ആവശ്യവസ്തുക്കളുടെ വില ക്രമാതീതമായി വർധിക്കുകയും ചെയ്തു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് പെട്രോളിനും ഡീസലിനും രേഖപ്പെടുത്തുന്നത്. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞെന്നും വിദേശ കരുതൽ ശേഖരം കുറയുകയാണെന്നും രാജ്യം വലിയൊരു സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ദേശീയ അതിർത്തികളിൽ ചൈന നടത്തുന്ന കൈയേറ്റങ്ങളിൽ കേന്ദ്ര സർക്കാർ കാര്യമായ ഇടപെടലുകളൊന്നും നടത്തുന്നില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ സമീപകാലത്തായി ഉയർന്നു കൊണ്ടിരിക്കുന്ന വർഗീയ സംഘർഷങ്ങളെയും ധ്രൂവീകരണ ശ്രമങ്ങളെയുംക്കുറിച്ച് റിപ്പോർട്ട് കാർഡിൽ വിശദീകരിക്കുന്നുണ്ട്. കോവിഡ് പ്രതിരോധം മുതൽ രാജ്യത്തെ വിവിധ പ്രശ്നങ്ങളിലെ സർക്കാർ ഇടപെടലുകളെ റിപ്പോർട്ട് കാർഡ് വിമർശന വിധേയമാക്കുന്നുണ്ട്.
മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലേറിയിട്ട് ഈ മെയ് 30ന് എട്ട് വർഷം പൂർത്തിയാകും. ഇതിന്‍റെ ഭാഗമായി മെയ് 30 മുതൽ ജൂൺ 14 വരെ രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ച് വിപുലമായി ആഘോഷിക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.