ഇന്ധനനികുതി കൊള്ളക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന്
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടയിലും നിഷ്കരുണം ഇന്ധന വില വർധിപ്പിക്കുന്ന മോദിസർക്കാർ നയത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്. പെട്രോൾ, ഡീസൽ വിലക്കയറ്റം, നാണ്യപ്പെരുപ്പം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി വിവിധ തലങ്ങളിൽ സമരം സംഘടിപ്പിക്കാൻ പാർട്ടി അധ്യക്ഷ സോണിയഗാന്ധി വിളിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു.
അടുത്ത മാസം ഏഴു മുതൽ 17 വരെ നീളുന്ന സമരപരിപാടികളാണ് യോഗം നിശ്ചയിച്ചത്. ജില്ല തലത്തിൽ കോൺഗ്രസ് നേതാക്കളുടെ സൈക്കിൾ യാത്ര, എല്ലാ പെട്രോൾ പമ്പുകളിലും ഒപ്പുശേഖരണ പരിപാടി, ബ്ലോക്ക് തലം മുതൽ മാർച്ച് തുടങ്ങിയവ നടത്തും. ഇതിനൊപ്പം 736 ജില്ലകളിലായി ഒരു മാസം കൊണ്ട് മൂന്നു കോടി വീടുകൾ കയറി ജനസമ്പർക്ക പരിപാടി നടത്താനും തീരുമാനിച്ചു. ഒന്നര ലക്ഷം കോൺഗ്രസ് പ്രവർത്തകർ പങ്കാളികളാവും.
തൊഴിലില്ലായ്മയുടെയും ശമ്പളം വെട്ടിക്കുറക്കലിെൻറയും ഇക്കാലത്ത് ജനങ്ങളിൽ നിന്ന് നികുതി പിഴിയൽ പരിപാടിയാണ് ഇന്ധന വില വർധനവിലൂടെ സർക്കാർ നടത്തുന്നതെന്ന് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിശദീകരിച്ചു. പെട്രോളിന് ലിറ്ററിന്മേൽ 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് സർക്കാർ എക്സൈസ് തീരുവ ഈടാക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച മേയ് രണ്ടിനു ശേഷം 29 തവണ പെട്രോൾ, ഡീസൽ വില കൂട്ടി. ഏഴു വർഷത്തിനിടയിൽ ഈയിനത്തിൽ പിരിച്ചത് 22 ലക്ഷം കോടി രൂപയാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.