മുസ്ലിംകൾക്കുവേണ്ടി പട്ടികവിഭാഗ, ഒ.ബി.സി സംവരണത്തിൽ കോൺഗ്രസ് കൈയിട്ടുവാരി -മോദി
text_fieldsഅംബികപുർ (ഛത്തിസ്ഗഢ്): സ്വന്തം വോട്ടുബാങ്കിന് വേണ്ടി മതാടിസ്ഥാന സംവരണം നടപ്പാക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെയും ‘ഇൻഡ്യ’ സഖ്യത്തിന്റെയും ദുർബലമായൊരു സർക്കാർ വരണമെന്നാണ് ചില ശക്തികളുടെ ആഗ്രഹം. ഇന്ത്യ സ്വാശ്രയത്വം നേടിയാൽ സ്വന്തം കട പൂട്ടുമെന്ന് അവർ ചിന്തിക്കുന്നു. മുസ്ലിംലീഗിന്റെ ചിന്താഗതിയാണ് കോൺഗ്രസിന്. അവരുടെ പ്രകടനപത്രിക പുറത്തിറക്കിയ ദിവസം മുതൽ താൻ പറയുന്നു, മുസ്ലിംലീഗിന്റെ മുദ്ര പതിഞ്ഞതാണ് കോൺഗ്രസ് പ്രകടനപത്രിക -തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ മോദി പറഞ്ഞു.
സംവരണം ഉണ്ടെങ്കിൽ അതു നൽകേണ്ടത് ദലിത്-ആദിവാസി സഹോദരങ്ങൾക്കാണ്, സമുദായം നോക്കിയാകരുതെന്നാണ് അംബേദ്കറുടെ നേതൃത്വത്തിൽ പ്രമുഖ വ്യക്തിത്വങ്ങൾ ഭരണഘടന തയാറാക്കിയപ്പോൾ നിശ്ചയിച്ചത്. ഈ മഹാന്മാരുടെ വാക്ക് കോൺഗ്രസ് ഒരിക്കലും ചെവിക്കൊണ്ടില്ല. ഭരണഘടനയുടെ വിശുദ്ധിയോ അംബേദ്കറുടെ വാക്കോ കാര്യമാക്കിയില്ല. വർഷങ്ങൾക്കു മുമ്പ് ആന്ധ്രപ്രദേശിൽ മതാടിസ്ഥാന സംവരണം നടപ്പാക്കാൻ കോൺഗ്രസ് ശ്രമിച്ചു. പിന്നെ, രാജ്യമാകെ നടപ്പാക്കാൻ പദ്ധതിയിട്ടു.
മതാടിസ്ഥാനത്തിൽ 15 ശതമാനം സംവരണം നടപ്പാക്കുന്നതിനെക്കുറിച്ചായിരുന്നു പിന്നീട് പറച്ചിൽ. പട്ടികവിഭാഗക്കാരുടെയും ഒ.ബി.സിക്കാരുടെയും ക്വോട്ട കുറച്ച് ഇത് നടപ്പാക്കുമെന്നാണ് പറഞ്ഞത്. 2009ലെയും 2014ലെയും പ്രകടനപത്രികയിൽ കോൺഗ്രസ് ഈ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിൽനിന്ന് പിന്മാറില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ദലിത്, ആദിവാസികളുടെ സംവരണം വെട്ടിക്കുറക്കാമെങ്കിൽ അവർ അതുതന്നെ ചെയ്യും.
നേരത്തേ കർണാടകയിൽ മതാടിസ്ഥാന സംവരണം നടപ്പാക്കി. ബി.ജെ.പി വന്നപ്പോൾ ഭരണഘടനക്ക് വിരുദ്ധമായ അത് ഞങ്ങൾ റദ്ദാക്കി. ഒ.ബി.സിയിൽ മുസ്ലിംകളിലെ എല്ലാ ജാതികളെയും ഉൾപ്പെടുത്തിയ പുതിയ കോൺഗ്രസ് സർക്കാർ കർണാടകയിൽ മറ്റൊരു പാപമാണ് ചെയ്തിരിക്കുന്നത്. ഒ.ബി.സി വിഭാഗങ്ങൾക്ക് കിട്ടിപ്പോന്ന നേട്ടങ്ങളിൽ വലിയൊരു പങ്ക് ഇല്ലാതാക്കി. കർണാടകയിൽ മതേതരത്വത്തെ കൊന്നു. സാമൂഹിക നീതിയെ അവഹേളിച്ചു. കർണാടക മോഡൽ രാജ്യത്താകെ നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശങ്ങൾ ഭരണഘടന തിരുത്തി സ്വന്തം വോട്ടുബാങ്കിന് അനുവദിച്ചു കൊടുക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. പട്ടികവിഭാഗ, ഒ.ബി.സി സംവരണം സംരക്ഷിക്കാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. അതുകൊണ്ട് ബി.ജെ.പിയെ പിന്തുണക്കണം.
കോൺഗ്രസിന്റെ അപകടകരമായ ലാക്ക് ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയും കുട്ടികളുടെയും സ്വത്തും അവകാശങ്ങളും പിടിച്ചുപറിക്കാനാണ് കോൺഗ്രസിന്റെ നീക്കം. അധികാരത്തിനുവേണ്ടി രാജ്യം നശിപ്പിച്ച ചരിത്രമാണ് കോൺഗ്രസിന്റേത്- മോദി പറഞ്ഞു. മധ്യപ്രദേശിലെ സാഗറിൽ നടത്തിയ പ്രസംഗത്തിലും ആരോപണങ്ങൾ മോദി ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.