കോൺഗ്രസിന്റെ ഐക്യശ്രമങ്ങൾക്കിടയിൽ വെടി; പുറത്തുനിന്നും അകത്തു നിന്നും
text_fieldsന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പ് ഒരു വശത്തും പ്രതിപക്ഷ ഐക്യ ശ്രമം മറുവശത്തുമായി നടക്കുന്നതിനിടയിൽ മഹാരാഷ്ട്രയിലും രാജസ്ഥാനിലുമായി പൊട്ടിയ വെടി കോൺഗ്രസിന് പുതിയ തലവേദനയായി.
രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ പാർട്ടിക്കുള്ളിൽനിന്ന് സചിൻ പൈലറ്റാണ് വെടി ഉതിർത്തത്. രാജസ്ഥാനിലെ കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്തെ 45,000 കോടി വരുന്ന ഖനി അഴിമതിയിൽ ഇനിയും അന്വേഷണം പ്രഖ്യാപിക്കാത്ത ഗെഹ്ലോട്ട് അഴിമതിയോട് സന്ധിചെയ്യുന്നുവെന്ന ആരോപണമാണ് സചിൻ ഉയർത്തുന്നത്. ചൊവ്വാഴ്ചയും ഉപവാസ പ്രതിഷേധം തുടരാനാണ് സചിന്റെ തീരുമാനം.
ഗെഹ്ലോട്ടിനൊപ്പമാണ് കോൺഗ്രസ് നേതൃത്വമെന്ന് വ്യക്തമാക്കി എ.ഐ.സി.സി തിങ്കളാഴ്ച പ്രത്യേക വാർത്തസമ്മേളനം തന്നെ നടത്തി. അഴിമതിക്കെതിരായ പലവിധ അന്വേഷണങ്ങൾ ഗെഹ്ലോട്ട് സർക്കാർ നടത്തിവരുന്നുണ്ടെന്നും, സംസ്ഥാന ചുമതല വഹിക്കുന്ന എ.ഐ.സി.സി സെക്രട്ടറിയെയാണ് പരാതിയുള്ളവർ സമീപിക്കേണ്ടതെന്നുമാണ് സചിനുള്ള ഓർമപ്പെടുത്തൽ.
പ്രതിപക്ഷ ഐക്യ ശ്രമങ്ങൾക്കിടെയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത പ്രശ്നമാക്കുന്നതിനും അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെടുന്നതിനുമെതിരെ എൻ.സി.പി നേതാവ് ശരദ് പവാർ രംഗത്തുവന്നത്.
അഴിമതിക്കെതിരായ രാഹുൽ ഗാന്ധിയുടെ നിലപാടുകളെ ആവർത്തിച്ചു പിന്താങ്ങി പ്രിയങ്ക ഗാന്ധി നൽകിയ ട്വിറ്റർ കുറിപ്പ് പവാറിനു കൂടിയുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. മോദിയുടെ വിദ്യാഭ്യാസ കുറവല്ല, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ചതാണ് വിഷയമെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.
ശരദ് പവാറിന്റേത് സ്വന്തം പാർട്ടി നിലപാടാണെന്നും, ഓരോ പാർട്ടിക്കും ഒരു വിഷയത്തിൽ പല കാഴ്ചപ്പാടുകൾ സ്വാഭാവികമാണെന്നും പറഞ്ഞുകൊണ്ട്, പവാറിന്റെ പ്രസ്താവന പ്രതിപക്ഷ ഐക്യത്തിന് തടസ്സമല്ലെന്ന് ന്യായീകരിക്കാൻ ശ്രമിച്ചുവരുകയാണ് കോൺഗ്രസ്.
എന്നാൽ, അദാനിക്കും മോദിക്കുമെതിരായ ആക്രമണങ്ങളിൽ പ്രതിപക്ഷത്തെ എല്ലാവരും ഒപ്പമുണ്ടായേക്കില്ലെന്ന തിരിച്ചറിവിൽ കൂടിയാണ് പാർട്ടി. ഏഴു മാസം മാത്രം അകലെ നിയമസഭ തെരഞ്ഞെടുപ്പു നിൽക്കുന്ന സന്ദർഭത്തിൽ സചിൻ നടത്തുന്ന പടപ്പുറപ്പാട് സംസ്ഥാനത്തെ പാർട്ടി സാധ്യതകൾക്ക് ദോഷം ചെയ്യാമെന്ന പ്രശ്നമാണ് രാജസ്ഥാനിൽ പാർട്ടി അഭിമുഖീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.