രാജസ്ഥാനിൽ കോൺഗ്രസ് ഒറ്റക്കെട്ട് -കെ.സി വേണുഗോപാൽ
text_fieldsജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയുടെ തിരിച്ചുവരവിനായി നേതാക്കളെല്ലാം ഒന്നിച്ച് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അണികൾക്കിടയിൽ അനൈക്യം ഉണ്ടെന്ന വാദവും അദ്ദേഹം തള്ളി.
"രാജസ്ഥാനിൽ കോൺഗ്രസിനുള്ളിൽ ഐക്യമില്ലെന്ന് പ്രചരിക്കുന്നുണ്ട്. എന്നാൽ ഞങ്ങളുടെ പാർട്ടി പഴയതുപോലെ ഒറ്റക്കെട്ടായി തുടരുന്നുവെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. ഞങ്ങളുടെ എല്ലാ നേതാക്കളും ഒരുമിച്ച് നിന്ന് പോരാടുന്നത് ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കി രാജസ്ഥാനിൽ അധികാരത്തിൽ തിരിച്ചുവരുക എന്ന പൊതു ലക്ഷ്യത്തോടെയാണ്. ജനങ്ങളുടെ മാനസികാവസ്ഥയും സ്പന്ദനവും ഞങ്ങൾക്ക് അനുകൂലമാണെന്ന് വിശ്വസിക്കുന്നു" -വേണുഗോപാൽ പറഞ്ഞു.
രാജസ്ഥാനിലെ കോൺഗ്രസ് അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോടിനും മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റിനും ഇടയിൽ പുതിയ തർക്കം രൂപപ്പെടുന്നുവെന്നുമുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
അതേസമയം, രാജസ്ഥാൻ ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ചയുടെയും രാജസ്ഥാൻ ഹജ്ജ് കമ്മിറ്റിയുടെയും മുൻ പ്രസിഡന്‍റായ അമിൻ പഥക് 25 വർഷത്തെ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു. കർഷകർക്കും യുവാക്കൾക്കും സ്ത്രീകൾക്കും വേണ്ടി അശോക് ഗെഹ്‌ലോട് പ്രവർത്തിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ പ്രവർത്തനം നോക്കിയാണ് കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതെന്നും ബി.ജെ.പി ഗുജറാത്തിൽ നിന്നുള്ള കുറച്ച് ആളുകളെയും വ്യവസായികളെയും മാത്രം പ്രോത്സാഹിപ്പിക്കുകയാണെന്നും അമിൻ പഥക് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.