ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ മമതക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല
text_fieldsന്യൂഡൽഹി: ബംഗാളിലെ ഭവാനിപൂരിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല.
ദക്ഷിണ കൊൽക്കത്തയിലെ മണ്ഡലത്തിലേക്ക് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ മമതയെ സ്ഥാനാർഥിയായി തൃണമൂൽ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ-മേയ് മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് മത്സരിച്ച മമത ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.
തൃണമൂൽ വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ സുവേന്ദുവിന്‍റെ വെല്ലുവിളി സ്വീകരിച്ചാണ് തന്‍റെ സ്വന്തം തട്ടകമായ ഭവാനിപൂർ വിട്ട് മമത നന്ദിഗ്രാമിൽ നിന്ന് ജനവിധി തേടിയത്. മമതക്കായി കൃഷി മന്ത്രിയും മുതിർന്ന നേതാവുമായ ശോഭന്‍ദേവ് ഛത്തോപാധ്യായ എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു.
സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഒഴിവാക്കാൻ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുകയായിരുന്നു. മേയിൽ തെരഞ്ഞെടുപ്പ് നടക്കാതിരുന്ന മുർഷിദാബാദ് ജില്ലയിലെ സംസർഖഞ്ച്, ജാങ്കിപൂർ സീറ്റുകൾക്കൊപ്പം സെപ്റ്റംബർ 30നായിരിക്കും ഭവാനിപൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ മൂന്നിനായിരിക്കും വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.