ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്; ഒമ്പത് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒമ്പത് സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി കോൺഗ്രസ്. നാഷനൽ കോൺഫറൻസുമായി സഖ്യം ചേർന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പാർട്ടി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ ദൂരുവിലും മുൻ സംസ്ഥാന ഘടകം മേധാവി വികാർ റസൂൽ വാനി ബനിഹാലിലും മത്സരിക്കും. ത്രാലിൽ നിന്ന് സുരീന്ദർ സിങ് ചന്നി, ദേവ്‌സറിൽ നിന്ന് അമാനുല്ല മന്തൂ, അനന്ത്‌നാഗിൽ നിന്ന് പീർസാദ മുഹമ്മദ് സഈദ്, ഇൻഡർവാളിൽ നിന്ന് ശൈഖ് സഫറുള്ള, ഭദർവയിൽ നിന്ന് നദീം ഷെരീഫ്, ദോഡയിൽ നിന്ന് ശൈഖ് റിയാസ്, ഡോഡ വെസ്റ്റിൽ നിന്ന് പ്രദീപ് കുമാർ ഭഗത് എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.
കോൺഗ്രസ് 32 സീറ്റുകളിലും നാഷനൽ കോൺഫറൻസ് 51 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തും. സി.പി.എമ്മും ജമ്മു കശ്മീർ നാഷനൽ പാന്തേഴ്സ് പാർട്ടിയും ഓരോ സീറ്റിൽ മത്സരിക്കും.
നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയുടെ ശ്രീനഗറിലെ വസതിയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് സീറ്റ് വിഭജന ക്രമീകരണം പ്രഖ്യാപിച്ചത്. അഞ്ച് സീറ്റുകളിൽ സൗഹൃദമത്സരങ്ങളുണ്ടാകുമെന്നും സഖ്യകക്ഷികൾ സൂചിപ്പിച്ചു. ദിവസം മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം.
മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം സെപ്റ്റംബർ 18നും രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും സമാപിക്കും. വോട്ടെണ്ണൽ ഒക്ടോബർ നാലിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.