സൈനിക വിവരങ്ങൾ ചോർത്തൽ; അന്വേഷണം വേണം –കോൺഗ്രസ്
text_fieldsന്യൂഡൽഹി: അർണബ് ഗോസ്വാമിയും ബാർക് മുൻ സി.ഇ.ഒയുമായുള്ള വാട്സ്ആപ് ചാറ്റുകൾ ഞെട്ടിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമെന്ന് കോൺഗ്രസ് നേതാക്കൾ. അർണബിനെതിരെയും വിവരങ്ങൾ ചോർത്തിയവർക്കെതിരെയും അന്വേഷണം വേണമെന്ന് പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സൈനിക നീക്കങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക രഹസ്യം ചോർത്തുന്നത് രാജ്യദ്രോഹമാണെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ. ആൻറണി ചൂണ്ടിക്കാട്ടി. ദേശസുരക്ഷയെയും സൈനികരുടെ സുരക്ഷയെയും ബാധിക്കുന്ന വിഷയമാണിത്. കേന്ദ്രസർക്കാർ ഇക്കാര്യം അന്വേഷിക്കണം.
നിർണായക സൈനിക നീക്കങ്ങൾ സർക്കാറിലെ മൂന്നോ നാലോ ഉന്നതർക്കേ അറിയൂ. കാബിനറ്റ് മന്ത്രിമാരെപോലും എല്ലാവരും അറിയില്ല. അങ്ങനെയൊരു വിവരം ദിവസങ്ങൾക്കു മുമ്പ് ഒരു മാധ്യമപ്രവർത്തകൻ എങ്ങനെ അറിഞ്ഞു. ഒരു സൈനിക ഉദ്യോഗസ്ഥനും ഈ വിവരം ചോർത്തില്ലെന്ന് ഉറപ്പാണ്. സർക്കാറിലെ ആരോ ആണ് പിന്നിൽ. ചോർത്തിയവർ ദയ അർഹിക്കുന്നില്ല.
യുദ്ധകാലാടിസ്ഥാനത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിവരം ചോർത്തുന്നത് ക്രിമിനൽ കുറ്റം മാത്രമല്ല ദേശവിരുദ്ധ പ്രവർത്തനവുമാണ്. എന്നാൽ, ഈ ദിവസം വരെ കേന്ദ്രസർക്കാർ ഒന്നും ചെയ്തിട്ടില്ല. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ ഭേദെമന്യേ രാജ്യം ഒറ്റക്കെട്ടാണെന്നും ആൻറണി പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകനായ ഒരാള്‍ സര്‍ക്കാറിെൻറ എല്ലാമായി മാറുെന്നന്നും അയാളും ചാനലും ടി.ആർ റേറ്റിങ്ങില്‍ മാത്രമല്ല രാജ്യത്തിെൻറ അഭിപ്രായങ്ങളെതന്നെ അട്ടിമറിക്കുകയാണെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യംതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുന്‍ നിയമ മന്ത്രി സല്മാന് ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.