തെലങ്കാനയിൽ കോൺഗ്രസ് കൊടുങ്കാറ്റാവും -രാഹുൽ ഗാന്ധി
text_fieldsനിയമസഭ തെരഞ്ഞെടുപ്പിൽ തെലുങ്കാനയിൽ കോൺഗ്രസ് കൊടുങ്കാറ്റ് വീശിയടിക്കുമെന്ന് രാഹുൽ ഗാന്ധി. 10 കൊല്ലമായി സംസ്ഥാനം ഭരിക്കുന്ന ബി.ആർ.എസിന് (ഭാരത് രാഷ്ട്ര സമിതി) കനത്ത തോൽവി നേരിടേണ്ടിവരും. വെള്ളിയാഴ്ച ഖമ്മം ജില്ലയിലെ പിനാപാക്കയിൽ നടന്ന റാലിയെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ബി.ആർ.എസിന് കീഴിൽ സംസ്ഥാനത്തെ എല്ലാ വകുപ്പുകളും അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ജനകീയ സർക്കാർ എന്ന ആശയം ഉയർത്തിയാണ് കോൺഗ്രസ് വോട്ടുതേടുന്നത്. തെലങ്കാനയിൽ കോൺഗ്രസ് പ്രഭാവം മുഖ്യമന്ത്രി തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ പരിഭ്രാന്തി അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും പരാമർശങ്ങളിലും കാണാം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കെ.സി.ആർ എന്ന പാർട്ടിപോലും തെലുങ്കാനയിൽ അവശേഷിച്ചേക്കില്ല.
കോൺഗ്രസ് എന്ത് ചെയ്തുവെന്നാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ചോദിക്കുന്നത്. അദ്ദേഹം പഠിച്ച സ്കൂളുകളും കോളജുകളും നിർമിച്ചത് കോൺഗ്രസാണെന്നും യാത്രചെയ്യുന്ന റോഡുകൾ കോൺഗ്രസ് കാലത്ത് നിർമിക്കപ്പെട്ടവയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
യുവാക്കളുടെ പിന്തുണയോടെ തെലങ്കാനയുടെ വികസനം ഉറപ്പാക്കാൻ കോൺഗ്രസിനായിരുന്നു. തെലങ്കാനയെന്ന സംസ്ഥാനം യാഥാർഥ്യമാക്കിയ കോൺഗ്രസുതന്നെയാണ് ഹൈദരാബാദിനെ ലോകത്തിന്റെ ഐ.ടി തലസ്ഥാനമാക്കിമാറ്റിയത്. തെലങ്കാനയിൽ ദൊരാല (ഭൂപ്രഭുത്വം) പ്രജാല (ജനങ്ങളും) തമ്മിലാണ് ഏറ്റുമുട്ടുന്നത്. സർക്കാറിന്റെ എല്ലാ വകുപ്പുകളിലും അഴിമതിയാണ്. അതിന് പിന്നിൽ മുഖ്യമന്ത്രിയുടെ കുടുംബവും.
രൂപവത്കരണ സമയത്ത് ജനകീയ തെലങ്കാന എന്ന സ്വപ്നം കണ്ടവരാണ് ഈ നാട്ടിലെ വോട്ടർമാർ. എന്നാൽ, മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ആഗ്രഹം മാത്രമാണ് തെലങ്കാനയിൽ നടന്നത്. കാളീശ്വരം പദ്ധതിയുടെ പേരിൽ ഒരുലക്ഷം കോടിയാണ് മുഖ്യമന്ത്രിയും ഇഷ്ടക്കാരും ചേർന്ന് തട്ടിയെടുത്തത്.
ബി.ആർ.എസും ബി.ജെ.പിയും ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും കോൺഗ്രസിനെതിരെ സംസ്ഥാനത്ത് കൈകോർത്തിരിക്കുകയാണ്. ബി.ജെ.പിയെ സഹായിക്കുന്നതിനായി കോൺഗ്രസിനെതിരെ ഉവൈസി കഴിയുന്നിടത്തെല്ലാം സ്ഥാനാർഥികളെ നിർത്തിയിരിക്കുകയാണ്.
കെ.സി.ആറോ മോദിയോ നൽകിയതുപോലെ പൊള്ളയായ വാഗ്ദാനങ്ങളല്ല കോൺഗ്രസിന്റേത്. ആറിന വാഗ്ദാനങ്ങൾക്കൊപ്പം നടപ്പാക്കുന്ന സമയവും പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയിൽ കെ.സി.ആറിനെ പുറത്താക്കി ജനകീയ സർക്കാർ രൂപവത്കരിച്ചതിന് പിന്നാലെ ഡൽഹിയിൽ നരേന്ദ്ര മോദിയുടെ ഗവൺമെന്റിനെ താഴെയിറക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതീക്ഷയേകി ജനസഞ്ചയം
മഹബൂബാ ബാദിലും വാറങ്കലിലുമായി വിവിധ ജനസഭകളിലും റാലികളിലും പദയാത്രയിലും വലിയ ജനസാന്നിധ്യം കാണാമായിരുന്നു. പലയിടങ്ങളിലും ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് അടക്കമുള്ളവർ ബുദ്ധിമുട്ടി. പുതിയ പ്രതീക്ഷ നൽകുന്നതാണ് ജനസഞ്ചയമെന്നും ഭരണമാറ്റം ഉറപ്പെന്നും കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെട്ടു.
കെ.സി.ആർ ഗവൺമെന്റിന്റെ ദുർഭരണത്തിൽ മടുത്ത മനുഷ്യരുടെ ഐക്യമാണ് കാണാനാവുന്നതെന്ന് കോൺഗ്രസ് വക്താവ് സമല്ല രാംമോഹൻ റെഡ്ഡി മാധ്യമത്തോട് പറഞ്ഞു. എന്നാൽ, ഭൂപ്രഭുക്കളായ റെഡ്ഡിമാർ ചെല്ലും ചെലവും കൊടുത്ത് ഗ്രാമീണരെ കോൺഗ്രസ് യോഗങ്ങളിലേക്ക് എത്തിക്കുകയാണെന്നും കോൺഗ്രസിന് അധികാരം ദിവാസ്വപ്നമാണെന്നും ഭാരത് രാഷ്ട്ര സമിതി വക്താവ് ശ്രീധർ റാവു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.