ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉറപ്പാക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധത -മല്ലികാർജുൻ ഖാർഗെ
text_fieldsശ്രീനഗർ: ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയാണെന്ന് ആവർത്തിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇൻഡ്യ മുന്നണിയുടെ ഭാഗമായ കക്ഷി കശ്മീരിൽ അധികാരത്തിൽ വരുന്നത് സന്തോഷമാണെന്നും ഖാർഗെ പറഞ്ഞു. ഉമർ അബ്ദുല്ലയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു ഖാർഗെയുടെ പരാമർശം.
“ഉമർ അബ്ദുല്ലയെ അഭിനന്ദിക്കാനാണ് ഞാൻ ഇവിടെയെത്തിയത്. ഞങ്ങളുടെ സഖ്യകക്ഷി മുഖ്യമന്ത്രിയായതിലും ജനാധിപത്യം ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടതിലും ഞങ്ങൾക്ക് സന്തോഷമുണ്ട്. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയാണ്, അത് ഞങ്ങൾ ഉറപ്പാക്കും” ഖാർഗെ പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഇൻഡ്യ സഖ്യകക്ഷി നേതാക്കൾ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്‍റെ ആദ്യ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് (എൻ.സി) വൈസ് പ്രസിഡൻ്റ് ഉമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സക്‌സേന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. എൻ.സി നേതാവ് സുരീന്ദർ കുമാർ ചൗധരി ഉപമുഖ്യമന്ത്രിയായി. മെന്ധറിൽ നിന്നുള്ള എം.എൽ.എ ജാവേദ് അഹമ്മദ് റാണ, റാഫിയാബാദിൽ നിന്നുള്ള ജാവിദ് അഹമ്മദ് ദർ, ഡി.എച്ച് പോരയിൽ നിന്നുള്ള സക്കീന ഇറ്റൂ എന്നിവരും മന്ത്രിമാരായി. സ്വതന്ത്ര എം.എൽ.എ സതീഷ് ശർമക്കും മന്ത്രിസഭയിൽ ഇടം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.