തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വരും വാഗ്ദാനങ്ങൾ നടപ്പാക്കും - ഡി.കെ. ശിവകുമാർ
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കർണാടക ഉപമുഖ്യ മന്ത്രി ഡി.കെ. ശിവകുമാർ. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ തണ്ടൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശിവകുമാർ.
കോൺഗ്രസ് ശക്തിപ്പെട്ടാൽ രാഷ്ട്രം ശക്തമാകുമെന്നും കോൺഗ്രസിന് ലഭിക്കുന്ന വോട്ട് പാവപ്പെട്ടവരെ ശക്തിപ്പെടുത്തുമെന്നും ശിവകുമാർ പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നില്ലെന്ന ബി.ആർ.എസിന്‍റെ ആരോപണം അദ്ദേഹം തള്ളി. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും മകൻ കെ.ടി. രാമറാവുവും കർണാടകയിലേക്ക് വന്ന് നേരിട്ട് കണ്ട് മനസിലാക്കണനെന്ന് അദ്ദേഹം പറഞ്ഞു.
"എനിക്ക് കെ.സി.ആറിനോടും കെ.ടി.ആറിനോടും പറയാനുള്ളത് ഒരു ബസ് തയാറാക്കാം നിങ്ങളുടെ മന്ത്രിമാരുടെ സംഘവുമായി വരു. എന്താണോ ഞങ്ങൾ വാഗ്ദാനം ചെയ്തത് അത് ചെയ്തിട്ടുണ്ട്"- ശിവകുമാർ പറഞ്ഞു.
കർണാടകയിലെ വികസന പ്രവർത്തനങ്ങൾ മനസിലാക്കികൊടുക്കാൻ അവരോടൊപ്പം പോകാൻ തയാറാണെന്നും തെലങ്കാനയിൽ കോൺഗ്രസ് നൽകിയ ആറ് ഉറപ്പുകൾ കർണാടകയിൽ പാർട്ടി നൽകിയ അഞ്ച് ഉറപ്പുകളേക്കാൾ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ കോൺഗ്രസ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം സോണിയ ഗാന്ധിയുടെ ജന്മദിനമായ ഡിസംബർ 9 ന് ചേരുമെന്നും ആറ് ഉറപ്പുകൾ നടപ്പാക്കുന്നത് സംബന്ധിച്ച ഫയലുകളിൽ ഒപ്പിടുമെന്നും 2009 ലെ അതേ ദിവസമായിരുന്നു അന്നത്തെ യു.പി.എ സർക്കാർ പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും ശിവകുമാർ പറഞ്ഞു. തെലങ്കാനക്ക് സംസ്ഥാന പദവി നൽകിയ സോണിയ ഗാന്ധിക്ക് തെലങ്കാനയിലെ ജനങ്ങൾ നന്ദി പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 30നാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.