തെലങ്കാനയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ കോൺഗ്രസ് നിറവേറ്റുമെന്ന് രേവന്ത് റെഡ്ഡി
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ കോൺഗ്രസ് നിറവേറ്റുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി. സർക്കാർ രൂപീകരിച്ച് കഴിഞ്ഞ് ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയാണ് പാർട്ടിയുടെ ഉത്തരവാദിത്വമെന്ന് അദ്ദേഹം പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും അദ്ദേഹം നന്ദി പറഞ്ഞു. തെലങ്കാനയിലെ കോൺഗ്രസിന്‍റെ വിജയം രക്തസാക്ഷികൾക്ക് സമർപ്പിക്കുന്നതായും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രേവന്ത് റെഡ്ഡി വ്യക്തമാക്കി.
"ഇത് ജനവിധിയാണ്. എല്ലാം നല്ലതായിട്ടാണ് മുന്നോട്ട് പോകുന്നത്. ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നു. അവർക്ക് കെ.സി.ആറിനെ പരാജയപ്പെടുത്തണമായിരുന്നു. അവർ പരാജയപ്പെടുത്തി" - രേവന്ത് റെഡ്ഡി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയതിന് സി.പി.ഐക്കും തെലങ്കാന ജനസമിതിക്കും അദ്ദേഹം നന്ദി പറഞ്ഞു. സർക്കാർ രൂപികരിച്ചതിന് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസിതിയുടെ പേര് പ്രജ ഭവനെന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ആർ.എസ് വർക്കിങ് പ്രസിഡന്‍റ് കെ.ടി.ആറിന്‍റെ അഭിനന്ദനങ്ങൾ സ്വാഗതം ചെയ്ത അദ്ദേഹം നല്ല ഭരണം കാഴ്ച് വെക്കുന്നതിനായി ബി.ആർ.എസിന്‍റെ സഹകരണം പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
തെലങ്കാനയിലെ തെരഞ്ഞെടുപ്പ് ഫലം നിരാശയുണ്ടാക്കുന്നതാണെന്നും ബി.ആർ.എസിന് രണ്ട് തവണ ഭരണം നൽകിയ തെലങ്കാനയിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും കെ.ടി.ആർ. പറഞ്ഞിരുന്നു. കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലത്തെ ഒരു പാഠമായി എടുത്ത് തിരിച്ച് വരുമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.