പ്രതിപക്ഷ ഐക്യത്തിന് വഴി കാട്ടും -കോൺഗ്രസ്
text_fieldsന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ പോരാട്ടത്തിന് നേതൃപരമായ പങ്ക് നിർവഹിക്കുമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി കസേര ഉന്നമിട്ടുനീങ്ങുന്ന ചില പ്രാദേശിക പാർട്ടി നേതാക്കളുടെ പ്രതിപക്ഷ ഐക്യ ആഹ്വാനങ്ങളിൽനിന്ന് പാർട്ടി അകലം പാലിച്ചു.
കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമാവില്ല. ഐക്യം മുൻനിർത്തി കോൺഗ്രസ് വ്യക്തമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. വിവിധ പാർട്ടികളുമായി ബന്ധപ്പെടുന്നുണ്ട്. 2024ലെ തെരഞ്ഞെടുപ്പിൽ തീർച്ചയായും അവരെ ഒന്നിച്ചുകൊണ്ടുവരും. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാർ തുടങ്ങി പല സംസ്ഥാനങ്ങളിലും മറ്റു പാർട്ടികളുമായി ഇപ്പോൾ തന്നെ സഖ്യമുണ്ട്.
റായ്പൂരിൽ ഈമാസം 24 മുതൽ നടക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനം മുന്നോട്ടുള്ള വഴി തെളിക്കും -പാർട്ടി നേതൃത്വം വ്യക്തമാക്കി. ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിൽ പാർട്ടിയുടെ പങ്ക് എന്താണെന്ന് കോൺഗ്രസിന് വ്യക്തമായ ബോധ്യമുണ്ട്. കോൺഗ്രസിനാണ് നയിക്കാൻ കഴിയുകയെന്ന മട്ടിൽ ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട.
ബി.ജെ.പിയുമായി ഒരിക്കലും ഒരിടത്തും വിട്ടുവീഴ്ച ചെയ്യാത്ത ഏക പാർട്ടി കോൺഗ്രസാണ്. ചിലരാകട്ടെ, രണ്ടു തട്ടിൽ കളിക്കുന്നു. പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് നേതൃത്വം നൽകണമെന്ന ജനതാദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർട്ടി രാജ്യസഭ ചീഫ് വിപ് ജയ്റാം രമേശ് എന്നിവരുടേതാണ് ഈ പരാമർശം.
പ്രാദേശിക സഖ്യങ്ങൾ കോർത്തിണക്കാൻ കോൺഗ്രസിന് കഴിഞ്ഞാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സീറ്റെണ്ണം നൂറിൽ താഴെയാക്കാൻ കഴിയും. പ്രതിപക്ഷ ഐക്യത്തിനായി ബിഹാറിന് പുറത്തു കടന്ന് പ്രവർത്തിക്കാൻ തയാറാണ്, ഇക്കാര്യത്തിൽ കോൺഗ്രസിന്റെ സൂചന കിട്ടാൻ കാത്തിരിക്കുന്നു എന്നിങ്ങനെയായിരുന്നു നിതീഷിന്റെ വാക്കുകൾ.
ഈ പ്രസ്താവനയെ വിമർശനത്തോടെയാണ് കോൺഗ്രസ് നേതാക്കൾ സ്വാഗതം ചെയ്തത്. പാർലമെന്റിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വിളിക്കുന്ന യോഗത്തിന് എത്തുമെങ്കിലും ചില പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനങ്ങൾ ഭരണകക്ഷിയെ പിന്തുണക്കുന്ന വിധത്തിലാണെന്ന് ജയ്റാം രമേശ് പറഞ്ഞു.
ബി.ജെ.പിയുടെ കാര്യത്തിൽ കോൺഗ്രസിന് ഇരട്ട മുഖമില്ല. ശക്തമായ കോൺഗ്രസില്ലാതെ ശക്തമായൊരു പ്രതിപക്ഷ ഐക്യം സാധ്യമല്ല -അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ ഐക്യത്തിന്റെ വഴി കോൺഗ്രസ് പ്ലീനറി സമ്മേളനം മുന്നോട്ടു വെക്കും. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ഉത്തരവാദിത്തം.
ഭാരത് ജോഡോ യാത്ര നൽകിയ വികാരം പ്രതിഫലിപ്പിക്കുന്നതും ഉദയ്പൂർ ചിന്താശിബിരത്തിന്റെ തുടർച്ചയുമായിരിക്കും റായ്പൂർ സമ്മേളനം. തെരഞ്ഞെടുപ്പിനു മുമ്പത്തെ സഖ്യങ്ങൾ, മറ്റു നീക്കുപോക്കുകൾ എന്നിവയെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.