‘നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേട്ടമുണ്ടാക്കും’; 2004 ആവർത്തിക്കുമെന്ന് ജയറാം രമേഷ്
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇത്തവണ മികച്ച നേട്ടമുണ്ടാക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, അസം എന്നിവിടങ്ങളിൽ നില മെച്ചപ്പെടുത്തും. ഉത്തർപ്രദേശിൽ ഉൾപ്പെടെ ഇൻഡ്യ മുന്നണിക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്നും 2004ലേതിനു സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ദേശീയ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ജയറാം രമേഷ് പറഞ്ഞു.
“20 വർഷങ്ങൾക്കിപ്പുറം 2004ലേതിനു സമാന സാഹചര്യമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ടു ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ദക്ഷിണേന്ത്യയിൽ ബി.ജെ.പി പൂർണമായും ഇല്ലാതാവും, ഉത്തരേന്ത്യയിൽ അവർ പകുതിയായി മാറും. 2019ൽ രാജസ്ഥാൻ, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെല്ലാം ബി.ജെ.പിക്ക് വലിയ കുതിപ്പുണ്ടാക്കാൻ കഴിഞ്ഞു. അവർ പരമാവധി നേട്ടത്തിലെത്തിക്കഴിഞ്ഞു. അതിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ പോലും ബി.ജെ.പിയെ സഹായിക്കില്ല. അതിനാൽ ഇത്തവണ അവർക്ക് സീറ്റ് കുറഞ്ഞേ മതിയാകൂ” -ജയറാം രമേഷ് പറഞ്ഞു.
ഇൻഡ്യ മുന്നണിക്ക് കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരാനാകുമെന്ന് ജയറാം രമേഷ് അവകാശപ്പെട്ടു. 272 എന്ന സംഖ്യ മറികടക്കാൻ ഇൻഡ്യ സഖ്യത്തിനാകും. യു.പി, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ കഴിഞ്ഞ തവണത്തേക്കാൾ ബി.ജെ.പിക്ക് സീറ്റ് കുറയും. 48 മണിക്കൂറിനകം ഇൻഡ്യ മുന്നണി പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും ജയറാം രമേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.