ഹിന്ദുത്വ ശക്തികളെ നേരിടാൻ കോൺഗ്രസിന് കെൽപില്ല- യെച്ചൂരി
text_fieldsന്യൂഡൽഹി: ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള സഘടന റിപ്പോർട്ടിെൻറ കരട് ശനി, ഞായർ ദിവസങ്ങളിലായി ഡൽഹിയിൽ ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ തയാറാക്കി. മാർച്ച് 25 മുതൽ 27 വരെ നടക്കുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിെൻറ കരട് പരിഗണിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പി.ബി വിലയിരുത്തി. ഹിന്ദുത്വ ശക്തികള്‍ക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് സ്വയം വിലയിരുത്തണം.
പഞ്ചാബിലെ ജനങ്ങള്‍ പരമ്പരാഗത പാര്‍ട്ടികളായ കോൺഗ്രസിനേയും ശിരോമണി അകാലിദളിനെയും തഴഞ്ഞു. സംഘ്പരിവാറിനെ നേരിടാന്‍ സി.പി.എം നേതൃപരമായ പങ്ക് വഹിക്കുമെന്നും യെച്ചൂരി പറഞ്ഞു.
വർഗീയ കലാപങ്ങൾ തടയാനും സാമൂഹിക സൗഹാർദം നിലനിർത്താനും ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പി.ബി ആഹ്വാനം ചെയ്തു. തൊഴിലാളികളുടെ പി.എഫ് പലിശ നിരക്ക് വെട്ടിക്കുറച്ചതിനെയും തെരഞ്ഞെടുപ്പിനുശേഷം ത്രിപുരയിൽ പാർട്ടി സ്ഥാപനങ്ങൾക്കുനേരെ ബി.ജെ.പി നടത്തിയ ആക്രമണങ്ങളെയും പി.ബി അപലപിച്ചു. യു.എൻ സുസ്ഥിര വികസന സൂചികയുടെ എല്ലാ മാനദണ്ഡങ്ങളും കൈവരിച്ച ഏക സംസ്ഥാനം ഇടതുപക്ഷം ഭരിക്കുന്ന കേരളമാണെന്നും മാതൃ-ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞു നിൽക്കുന്ന സംസ്ഥാനമെന്ന പദവി അഭിമാനമാണെന്നും പി.ബി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.