കർണാടകയിൽ മൂന്നു രാജ്യസഭ സീറ്റുകളിൽ വിജയിച്ച് കോൺഗ്രസ്; ബിജെ.പിക്ക് ഒരു സീറ്റ്
text_fieldsബംഗളൂരു: കർണാടകയിൽ ഒഴിവുള്ള നാലു രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിലും വിജയിച്ച് കോൺഗ്രസ്. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് ഒരു സീറ്റിലാണ് വിജയം. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് അണിനിരത്തിയ അജയ് മാക്കൻ, ജി.സി. ചന്ദ്രശേഖർ, സയ്ദ് നസീർ ഹുസൈൻ എന്നീ സ്ഥാനാർഥികളാണ് വിജയിച്ചുകയറിയത്. നാരായണ കെ. ഭണ്ഡാഗെയാണ് ജയിച്ച ബി.ജെ.പി സ്ഥാനാർഥി.
ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിൽ ക്രോസ് വോട്ടിങ്ങിലൂടെയും മറ്റും നേട്ടംകൊയ്ത ബി.ജെ.പിക്ക് കർണാടകയിൽ അത്തരം ‘കളികളൊ’ന്നും പുറത്തെടുക്കാൻ കോൺഗ്രസ് അവസരമൊന്നും നൽകിയില്ല. മാത്രമല്ല, ബി.ജെ.പി എം.എൽ.എ സി.ടി. സോമശേഖറിന്റെ വോട്ട് കോൺഗ്രസ് സ്ഥാനാർഥികൾക്ക് അനുകൂലമായി നേടി അവരെ ഞെട്ടിച്ചു. മറ്റൊരു ബി.ജെ.പി എം.എൽ.എ ശിവറാം ഹെബ്ബാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
നാലു സ്ഥാനാർഥികൾക്കു പുറമെ ഈയിടെ ബി.ജെ.പിക്കൊപ്പം കൂട്ടുചേർന്ന ജനതാദൾ (എസ്)ഉം സ്ഥാനാർഥിയെ നിർത്തിയിരുന്നു. ഡി. കുപേന്ദ്ര റെഡ്ഡിയെ പാർട്ടി രംഗത്തിറക്കിയെങ്കിലും കനത്ത തോൽവിയായിരുന്നു ഫലം.
നിലപാടുകളുടെയും ജനാധിപത്യത്തിന്റെയും ധാർമികതയുടെയും വിജയമാണിതെന്ന് കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു. ‘ഇത് നിലപാട്, ആദർശം, ജനാധിപത്യം, ധാർമികത എന്നിവയുടെ വിജയമാണ്. അവസരവാദികളും ജനാധിപത്യവിരുദ്ധരുമായ ബി.ജെ.പിയും ജനതാദൾ എസും തമ്മിലുള്ള അവിശദ്ധ കൂട്ടുകെട്ടിനേറ്റ തിരിച്ചടികൂടിയാണിത്. ഇ.ഡി, ഇൻകം ടാക്സ്, സി.ബി.ഐ, പണത്തിന്റെ കരുത്ത് എന്നിവയുടെ അടിത്തറയിൽ കെട്ടിപ്പൊക്കിയ കൂട്ടുകെട്ടിനെ കർണാടക തിരസ്കരിച്ചു’ -ഇലക്ഷൻ ഫലം പ്രഖ്യാപിച്ചതിനുപിന്നാലെ സുർജേവാല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മതിയായ വോട്ടില്ലാതെ സ്ഥാനാർഥിയെ നിർത്തിയ ജനതാദൾ നേതാവ് എച്ച്.ഡി. കുമാരസ്വാമിയെ അദ്ദേഹം പരിഹസിച്ചു. ‘നിങ്ങൾക്ക് വേണ്ടത്ര നിയമസഭ സാമാജികരില്ലെങ്കിൽ ഒരു പണക്കാരനെ സ്ഥാനാർഥിയായി കെട്ടിയെഴുന്നള്ളിച്ചത് എന്തിനാണ്? പണംകൊണ്ട് സാമാജികരുടെ വോട്ടും വിശ്വാസവും വിലകൊടുത്തുവാങ്ങാമെന്ന് പ്രതീക്ഷിച്ചായിരുന്നോ ആ നീക്കം?’ -സുർജേവാല ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.