ബജ്റംഗ് ദൾ നിരോധനവുമായി കോൺഗ്രസ്
text_fieldsബംഗളൂരു: വിദ്വേഷപ്രചാരണത്തിന് നേതൃത്വംനൽകുന്ന വ്യക്തികൾക്കും വർഗീയ സംഘടനകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രികാ വാഗ്ദാനം.
ബജ്റംഗ് ദളിനെയും പോപുലർ ഫ്രണ്ടിനെയും പോലുള്ള ഭൂരിപക്ഷ സമുദായത്തിലെയോ ന്യൂനപക്ഷ സമുദായത്തിലെയോ സംഘടനകളായാലും നിയമപ്രകാരം നിരോധനമടക്കമുള്ള നടപടി സ്വീകരിക്കുമെന്നും നാലു വർഷത്തിനിടെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന എല്ലാ ജനദ്രോഹ നിയമങ്ങളും ഒരു വർഷത്തിനകം പിൻവലിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
സംവരണം 75 ശതമാനമാക്കുമെന്നതും 2015ലെ സാമൂഹിക -സാമ്പത്തിക സർവേ റിപ്പോർട്ട് പുറത്തുവിടുമെന്നതുമടക്കമുള്ള സുപ്രധാന വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചത്. ബി.ജെ.പി ഭരണകാലത്ത് പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങൾ പിൻവലിക്കും.
ഗൃഹജ്യോതി, ഗൃഹലക്ഷ്മി, അന്നഭാഗ്യ, യുവനിധി, ശക്തി പദ്ധതികൾ കോൺഗ്രസ് പ്രകടനപത്രികയിലുൾപ്പെടുത്തി. കർണാടകയിൽ ഏക സിവിൽകോഡും ദേശീയ പൗരത്വ പട്ടികയും (എൻ.ആർ.സി) നടപ്പാക്കുമെന്നാണ് ബി.ജെ.പി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. ഉന്നതതല സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഏക സിവിൽകോഡ് നടപ്പാക്കുകയെന്നും കർണാടകയിലെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്താൻ ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമെന്നുമാണ് വാഗ്ദാനം. സംസ്ഥാനത്ത് അനധികൃത കുടിയേറ്റം വ്യാപകമാണെന്ന് ബി.ജെ.പി നേതാക്കൾ നിരന്തരം ഉയർത്തുന്ന പരാതിയാണ്.
‘മതമൗലിക വാദത്തിനും തീവ്രവാദത്തിനുമെതിരായ കർണാടക സംസ്ഥാന വിങ്’ (കെ- സ്വിഫ്റ്റ്) രൂപവത്കരിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. കഴിഞ്ഞ വർഷം യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടശേഷം പാർട്ടിക്കകത്ത് യുവാക്കളിൽനിന്നുയർന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.