ബലാത്സംഗ ഭീഷണി മുഴക്കിയയാളെ വീട്ടിലെത്തി ‘കൈകാര്യം ചെയ്ത്’ കോൺഗ്രസ് വനിത നേതാവും സംഘവും -വിഡിയോ
text_fieldsവരാണസി: സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുകയും മോശം കമന്റിടുകയും ചെയ്തയാളെ വീട്ടിലെത്തി ‘കൈകാര്യം ചെയ്ത്’ കോൺഗ്രസ് വനിത നേതാവും സംഘവും. ഉത്തർപ്രദേശ് വരാണസിയിലെ ലാൽപൂർ-പന്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോൺഗ്രസ് പ്രാദേശിക നേതാവായ റോഷ്നി കുശാൽ ജയ്സ്വാളാണ് അനുയായികൾക്കൊപ്പമെത്തി സഫ്റോൺ രാജേഷ് സിങ് എന്നയാളെ മർദിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
റോഷ്നിയും സംഘവും എത്തിയതോടെ രാജേഷ് സിങ്ങിന്റെ വീട്ടുകാരുമായി തർക്കമുണ്ടായി. ഇതിനിടെ ആൾക്കൂട്ടം രാജേഷിനെ വീട്ടിൽനിന്നിറക്കുകയും ഇവർ പിടിച്ചുകൊടുത്തതിനെ തുടർന്ന് റോഷ്നിയും പിന്നീട് മറ്റുള്ളവരും അടിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. ഇതിനിടെ രാജേഷിന്റെ ഭാര്യയും മകളും തടയാൻ ശ്രമിക്കുകയും വിട്ടയക്കണമെന്ന് ആൾക്കൂട്ടത്തോട് അഭ്യർഥിക്കുകയും ചെയ്യുന്നുണ്ട്. ഭാര്യയാണ് ആൾക്കൂട്ടത്തിൽനിന്ന് ഇയാളെ രക്ഷിച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോകുന്നത്.
നാല് വർഷമായി രാജേഷ് സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുന്നുണ്ടെന്നും മോശം കമന്റുകളിടുന്നുണ്ടെന്നും റോഷ്നി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയും സഹിച്ച് നിൽക്കാൻ കഴിയാത്തതിനാലാണ് വീട്ടിലെത്തിയതെന്നും ഇയാളുടെ സ്വഭാവം ഭാര്യയെയും മകളെയും അറിയിക്കണമെന്ന് ഉദ്ദേശിച്ചിരുന്നെന്നും തന്റെ പ്രവൃത്തി ഇത്തരം ഭീഷണികൾ നേരിടുന്ന മറ്റു സ്ത്രീകൾക്ക് പ്രചോദനമാകുമെന്നും റോഷ്നി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.