കർണാടകയിൽ കോൺഗ്രസ് വിജയിച്ചത് ഈ ഒറ്റക്കാരണം കൊണ്ടാണ് -രാഹുൽ ഗാന്ധി
text_fieldsബംഗളൂരു: പാവങ്ങളുടെയും ദുർബലരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ഒപ്പം നിന്നതിനാലാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതെന്ന് രാഹുൽ ഗാന്ധി. ഒപ്പം നിന്ന കർണാടക ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കോൺഗ്രസിന്റെ വിജയ രഹസ്യത്തെ കുറിച്ച് തുറന്നു പറയുകയായിരുന്നു രാഹുൽ.
''കർണാടകയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതിന്റെ കാരണങ്ങളെപ്പറ്റി ധാരാളം അവലോകനങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അനേകം സിദ്ധാന്തങ്ങൾ പലരും പങ്കുവച്ചു. ജയത്തിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ. പാവങ്ങൾക്കും ദുർബലർക്കും പിന്നാക്കക്കാർക്കും ദലിതർക്കും വേണ്ടിയാണു കോൺഗ്രസ് പോരാടിയത്. മറ്റൊരു തരത്തിൽ നോക്കുകയാണെങ്കിൽ, ബി.ജെ.പിക്കൊപ്പം സമ്പന്നരും പൊലീസും പണവുമാണ് ഉണ്ടായിരുന്നത്. അഴിമതിയും വെറുപ്പും ഉൾപ്പെടെയുള്ള എല്ലാറ്റിനെയും കർണാടക ജനത തോൽപ്പിച്ചു. കർണാടക ജനതയെ അഭിനന്ദിക്കുന്നു.''-രാഹുൽ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തപ്പെറ്റി ഞാൻ ബോധവാനാണെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ''കർണാടകയിൽ സ്നേഹം വിടരുമെന്ന് ഭാരത് ജോഡോ യാത്രയിൽ ഞങ്ങൾ പറഞ്ഞിരുന്നതു സംഭവിച്ചിരിക്കുന്നു. ഞങ്ങൾ വ്യാജ വാഗ്ദാനങ്ങൾ നൽകില്ല. പ്രകടന പത്രികയിലെ അഞ്ച് വാഗ്ദാനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ പാസാക്കും. മധ്യവർഗത്തിന്റെ ക്ഷേമം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സുതാര്യവും അഴിമതിമുക്തവുമായ ഭരണം ഞങ്ങൾ കാഴ്ചവയ്ക്കും''– രാഹുൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.