മത്സരമില്ല; പ്രവർത്തക സമിതി പിന്നീട്
text_fieldsകോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് എല്ലാ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തി സ്റ്റിയറിങ് കമ്മിറ്റി. തെരഞ്ഞെടുപ്പും മത്സരവും ഉചിതമല്ലെന്നാണ് അന്തിമ തീരുമാനം. തെരഞ്ഞെടുപ്പ് വേണമെന്നും വേണ്ടെന്നും സമ്മിശ്ര കാഴ്ചപ്പാടാണ് കമ്മിറ്റിയിൽ ഉയർന്നത്. അതിനൊടുവിൽ നാമനിർദേശം മതിയെന്ന് സമവായമായി.
ഇതിന് രണ്ടു കാരണങ്ങളാണ് കോൺഗ്രസ് നൽകിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയെന്ന ഉത്തരവാദിത്തം നിർവഹിക്കേണ്ട ഘട്ടത്തിൽ പാർട്ടിക്കുള്ളിൽ മത്സരം നന്നല്ല. പ്രവർത്തക സമിതിയിലെ പകുതി അംഗങ്ങൾ വനിത, യുവ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നാകണമെന്ന തീരുമാനം മത്സരമുണ്ടായാൽ നടപ്പാക്കാനാവില്ല.
നെഹ്റു കുടുംബാംഗങ്ങളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽനിന്ന് വിട്ടുനിന്നു. കമ്മിറ്റിയുടെ ഒരു തീരുമാനത്തെയും തങ്ങൾ സ്വാധീനിക്കുന്നില്ലെന്ന സന്ദേശം പുറത്തേക്കു നൽകാനാണ് ഇതിലൂടെ അവർ ശ്രമിച്ചത്. ഉച്ചതിരിഞ്ഞ് ഒരു മണിക്ക് സ്റ്റിയറിങ് കമ്മിറ്റി യോഗം സമാപിച്ചു. രണ്ടരക്ക് പ്രത്യേക വിമാനത്തിൽ മൂവരും ഡൽഹിയിൽനിന്ന് എത്തി.
മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 45 പേരാണ് പങ്കെടുത്തത്. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർ എത്തിയില്ല. കേരളത്തിൽനിന്ന് കെ.സി വേണുഗോപാൽ മാത്രം. ഖാർഗെ അധ്യക്ഷനായതോടെ ഇല്ലാതായ പ്രവർത്തക സമിതിയാണ് സ്റ്റിയറിങ് കമ്മിറ്റി എന്ന പേരിൽ അറിയപ്പെടുന്നത്.
പാർട്ടി ഭരണഘടനയിൽ 16 ഭേദഗതികൾ വരുത്തുന്നതിന് സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. വനിത, യുവ, പിന്നാക്ക, ന്യൂനപക്ഷങ്ങൾക്ക് 50 ശതമാനം പ്രവർത്തക സമിതി സീറ്റുകൾ നീക്കിവെക്കണമെന്നതാണ് ഒരു ഭേദഗതി. കോൺഗ്രസിന്റെ മുൻപ്രധാനമന്ത്രിമാർ, മുൻ പ്രസിഡന്റുമാർ എന്നിവർ പ്രവർത്തക സമിതി അംഗങ്ങളായിരിക്കുമെന്നതാണ് മറ്റൊരു പ്രധാന ഭേദഗതി.
പുതിയ പ്രവർത്തക സമിതിയിലേക്ക് അംഗങ്ങളെ പ്ലീനറി സമ്മേളനത്തിനിടയിൽ പാർട്ടി അധ്യക്ഷൻ നാമനിർദേശം ചെയ്യാൻ ഇടയില്ല. ലോക്സഭ തെരഞ്ഞെടുപ്പിലെ സഖ്യ സാധ്യതകൾ, ഈ വർഷം നടക്കാനിരിക്കുന്ന ആറു നിയമസഭ തെരഞ്ഞെടുപ്പുകൾ എന്നിവയിലേക്കുള്ള തന്ത്രം രൂപപ്പെടുത്തുന്നതിനാണ് പ്ലീനറി ഊന്നൽ നൽകുക. അതുവഴി പ്രവർത്തക സമിതിയെ ചൊല്ലിയുള്ള ചേരിതിരിവുകൾ ഒഴിവാക്കാമെന്നും കണക്കുകൂട്ടുന്നു. പ്ലീനറിക്ക് ശേഷം പ്രവർത്തക സമിതിയെ പ്രഖ്യാപിക്കും.
ശനിയാഴ്ച സോണിയ ഗാന്ധിയും ഞായറാഴ്ച രാഹുൽ ഗാന്ധിയും പ്ലീനറിയെ അഭിസംബോധന ചെയ്യും. ശനിയാഴ്ച ആറു രാഷ്ട്രീയ പ്രമേയങ്ങൾ മുൻനിർത്തിയുള്ള ചർച്ചകളാണ് പ്ലീനറിയിൽ. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നീതി, കാർഷിക വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.