കോൺഗ്രസ് പ്രവർത്തക സമിതി തെരഞ്ഞെടുപ്പ് പ്ലീനറി സമ്മേളനത്തിൽ
text_fieldsന്യൂഡൽഹി: റായ്പുരിൽ അടുത്ത മാസം 24 മുതൽ മൂന്നു ദിവസം നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പ്രവർത്തക സമിതി തെരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്ത നടപടി അംഗീകരിക്കുന്നതിനുകൂടിയാണ് എ.ഐ.സി.സി പ്ലീനറി സമ്മേളനം നിശ്ചയിച്ചത്. പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് നടക്കും. അതല്ലെങ്കിൽ നോമിനേഷൻ.
ഭരണഘടന പ്രകാരം 12 പേരെയാണ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കേണ്ടത്. മറ്റു 12 പേരെ പാർട്ടി അധ്യക്ഷൻ നോമിനേറ്റ് ചെയ്യും. പാർട്ടി നിയന്ത്രണം അധ്യക്ഷനിൽ നിക്ഷിപ്തമാക്കാൻ ഉദ്ദേശിച്ചാണ് ഇത്തരമൊരു ക്രമീകരണം. മത്സരത്തിന് ആരും തയാറല്ലെങ്കിൽ 24 പേരെയും നോമിനേറ്റ് ചെയ്യാൻ പാർട്ടി അധ്യക്ഷന് പ്ലീനറി സമ്മേളനം അധികാരം നൽകും.
പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂർ പ്രവർത്തക സമിതി സ്ഥാനാർഥിയാകാൻ ഇടയില്ല. അദ്ദേഹത്തെ പ്രവർത്തക സമിതിയിലേക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നോമിനേറ്റ് ചെയ്യുമോ എന്നത് പാർട്ടിക്കുള്ളിലും പുറത്തും ഉറ്റുനോക്കുന്ന വിഷയമാണ്.
ഭരണഘടന പ്രകാരം പാർട്ടി മുന്നോട്ടുനീങ്ങുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പ്ലീനറി സമ്മേളനത്തിലാണ് പ്രവർത്തക സമിതി പുനഃസംഘടന നടക്കേണ്ടത്. രാഷ്ട്രീയം, സാമ്പത്തികം, അന്താരാഷ്ട്രീയം, കാർഷികം, സാമൂഹിക നീതി, യുവശാക്തീകരണം എന്നിങ്ങനെ ആറു പ്രധാന വിഷയങ്ങൾ മുൻനിർത്തിയുള്ള ചർച്ചകൾ പ്ലീനറി സമ്മേളനത്തിൽ ഉണ്ടാകും. പാർട്ടി ഭരണഘടന ഭേദഗതിക്കായി പ്ലീനറി സമ്മേളനത്തിലേക്ക് പ്രത്യേക സമിതി രൂപവത്കരിക്കും.
കശ്മീരിൽ 30ന് ദേശീയ പതാക ഉയർത്താൻ രാഹുൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി 30ന് കശ്മീരിൽ സമാപിക്കും. കശ്മീരിൽ രാഹുൽ ദേശീയ പതാക ഉയർത്തുന്നതോടെയാണ് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ പദയാത്രക്ക് സമാപനം. ക്രിസ്മസ്, പുതുവത്സര ഇടവേളക്ക് ശേഷം ഭാരത് ജോഡോ യാത്രയുടെ അടുത്ത ഘട്ടം യു.പിയിൽനിന്ന് ചൊവ്വാഴ്ച തുടങ്ങും. യു.പിക്ക് ശേഷം ഹരിയാന, പഞ്ചാബ് എന്നിവിടങ്ങൾ പിന്നിട്ടാണ് ജമ്മുവഴി കശ്മീരിലേക്ക് യാത്രികർ നീങ്ങുക.
ഡൽഹിയിൽ എത്തിയതുവരെയുള്ള 108 ദിവസങ്ങൾക്കിടയിൽ 10 സംസ്ഥാനങ്ങളിലെ 49 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോയത്. തമിഴ്നാട്ടിൽനിന്ന് കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങൾ പിന്നിട്ടാണ് യാത്ര ഡൽഹിയിൽ എത്തിയത്. ഈ മാസം 20ന് ജമ്മു-കശ്മീരിലെത്തും.
ഭാരത് ജോഡോ യാത്രയെ തുടർന്ന് പാർട്ടിയുടെ ഉണർവിനായി പൊതുതെരഞ്ഞെടുപ്പു വരെ നീളുന്ന പരിപാടികൾ രാജ്യവ്യാപകമായി സംഘടിപ്പിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ ആദ്യപടി.
പഞ്ചാബിലെയും ജമ്മു-കശ്മീരിലെയും സാഹചര്യങ്ങൾ മുൻനിർത്തി രാഹുൽ ഗാന്ധിക്കും യാത്രികർക്കുമായി കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്ന് കോൺഗ്രസ് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.