കോൺഗ്രസിന് പൂട്ട്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ദൈനംദിന സാമ്പത്തിക ഇടപാടുകൾ മുടങ്ങിയ സാഹചര്യം ചൂണ്ടിക്കാട്ടിയുള്ള കോൺഗ്രസിന്റെ പരാതി മുൻനിർത്തി ആദായനികുതി അപ്പലറ്റ് ട്രൈബ്യൂണൽ ഒരാഴ്ചത്തേക്ക് വിലക്ക് നീക്കി. അടുത്ത ബുധനാഴ്ച പരാതി വിശദമായി പരിഗണിക്കുന്നതു വരെയാണ് ഇളവ്.
2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയതിന്റെ പേരിലാണ് കോൺഗ്രസിനെതിരെ ആദായ നികുതി വകുപ്പിന്റെ അസാധാരണ നടപടി. വിവിധ ബാങ്കുകളിലായുള്ള ഒമ്പത് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 210 കോടി പിഴത്തുകയായി കിട്ടണമെന്നാണ് ആവശ്യം. അക്കൗണ്ടുകളിലെ ഇത്രയും തുക മരവിപ്പിക്കണം, ഈ തുക ഈടാക്കുന്നതുവരെ ചെക്ക് പാസാക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് ബാങ്കുകൾക്ക് ലഭിച്ചത്. ചെക്കുകൾ പാസാകാതെ വന്നതിനെ തുടർന്ന് കോൺഗ്രസ് ബാങ്കിൽ അന്വേഷിപ്പോഴാണ് ബുധനാഴ്ച അക്കൗണ്ട് മരവിപ്പിച്ചതായി അറിഞ്ഞത്. ഇതേത്തുടർന്ന് ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ബിൽ തുടങ്ങിയവ കൊടുക്കാൻ പറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
രാജ്യത്ത് ആദ്യമായാണ് പ്രധാന പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ മുടക്കുന്നവിധം നിസ്സാര കാരണങ്ങളുടെ പേരിലാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും ആദായ നികുതി വകുപ്പ് ആവശ്യപ്പെടുന്ന 210 കോടി അക്കൗണ്ടുകളിൽ ഇല്ലെന്നും കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. കോൺഗ്രസ് ഓൺലൈൻ ‘ബക്കറ്റ് പിരിവ്’ നടത്തിയ തുകയും യൂത്ത് കോൺഗ്രസിന്റെ അംഗത്വ ഫീസുമൊക്കെയാണ് മരവിപ്പിച്ചത്.
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ പിഴ ഈടാക്കുക മാത്രമാണ്, അക്കൗണ്ട് മരവിപ്പിക്കുന്നതല്ല രീതി. അഞ്ചുവർഷം മുമ്പത്തെ റിട്ടേണിന്റെ പേരുപറഞ്ഞ് തെരഞ്ഞെടുപ്പു മുഖത്തു നിൽക്കുന്ന പാർട്ടിയുടെ പണമിടപാട് സ്തംഭിപ്പിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു.
2018-19 സാമ്പത്തിക വർഷം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് നടന്ന വർഷം കൂടിയാണ്. ആ വർഷം ആകെ 119 കോടി രൂപയാണ് അക്കൗണ്ടിൽ വന്നുപോയത്. ഇതിൽ 14.40 ലക്ഷം എം.പി-എം.എൽ.എമാർ തെരഞ്ഞെടുപ്പ് ആവശ്യത്തിന് നൽകിയ ഒരു മാസത്തെ വേതനമാണ്. തെരഞ്ഞെടുപ്പു പ്രമാണിച്ച് ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ 2019 ഡിസംബർ 31 വരെ സമയം നീട്ടി നൽകിയിരുന്നു.ഒന്നര മാസം കൂടി കഴിഞ്ഞാണ് റിട്ടേൺ സമർപ്പിക്കാൻ കഴിഞ്ഞത്. ഇതിന്റെ പേരിലാണ് 210 കോടി രൂപ ആവശ്യപ്പെടുന്നതെന്ന് അജയ് മാക്കൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.