ദേശീയ സുരക്ഷാ ലംഘനം; അർണബിനെതിരേ പരാതിയുമായി എൻ.എസ്.യു
text_fieldsഡൽഹി: ടി.വി അവതാരകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളിൽ പുറത്തുവന്ന വിഷയങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ. എൻഎസ്‌യു ദേശീയ സെക്രട്ടറി റോഷൻ ലാൽ ബിട്ടു മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ ഇതുസംബന്ധിച്ച് പരാതി നൽകി. ഇന്ത്യയിലെ ജനങ്ങളുടെ മുമ്പിൽ അർണബ് വഞ്ചകനാണെന്ന് പരാതിയിൽ പറയുന്നു.
'വാട്സ്ആപ്പ് സംഭാഷണങ്ങൾ വെളിപ്പെടുത്തുന്നത് 2019 ഫെബ്രുവരി 26ന് നടന്ന ബാലകോട്ട് ആക്രമണത്തെക്കുറിച്ച് അർണബിനെ രഹസ്യ സ്രോതസ്സിലൂടെ വിവരം ലഭിച്ചിരുന്നുവെന്നാണെന്ന്' പരാതിയിൽ പറയുന്നു. 'തന്‍റെ ടിവി ചാനലിന്‍റെ ടിആർപി വർധിപ്പിക്കുന്നതിന് ഗോസ്വാമി രാജ്യരഹസ്യങ്ങളെ ഉപയോഗിച്ചു. അദ്ദേഹത്തിന്‍റെ പ്രവർത്തനം രാജ്യത്തെ ജനങ്ങളോടുളള വിശ്വാസവഞ്ചനയാണെന്നും' എൻഎസ്‌യു നൽകിയ പരാതിയിൽ പറയുന്നു.
മഹാരാഷ്ട്ര പോലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് റോഷൻ ലാൽ ബിട്ടു പറഞ്ഞു. വ്യാജ ടിആർപി വിഷയത്തിൽ ഇതിനകം അന്വേഷണം നടക്കുന്നുണ്ട്. അതിനാൽ ദേശീയ സുരക്ഷാ ലംഘനത്തെക്കുറിച്ച് അന്വേഷിക്കാൻ പരാതിയിൽ ആവശ്യപ്പെട്ടതായും ബിട്ടു കൂട്ടിച്ചേർത്തു. എൻഎസ്‌യു പരാതി നൽകിയതായി ചന്ദ്രപൂരിലെ രാംനഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പ്രകാശ് ഹേക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യമെമ്പാടുമുള്ള നിരവധി പോലീസ് സ്റ്റേഷനുകളിൽ അവർ പരാതി സമർപ്പിച്ചതായി പറഞ്ഞതായും നടപടിക്രമമനുസരിച്ച് തങ്ങൾ ഇത് പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.