രാഹുൽ ഗാന്ധി നാളെ ഇ.ഡിക്ക് മുന്നിലേക്ക്; കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്
text_fieldsന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇ.ഡിക്കു മുന്നിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാവാനിരിക്കെ ശക്തി പ്രകടനത്തിനൊരുങ്ങി കോൺഗ്രസ്. പ്രതിപക്ഷത്തിന്‍റെ വായടപ്പിക്കാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉയോഗിക്കുന്നതിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളം കോൺഗ്രസ് പ്രവർത്തകർ പ്രകടനങ്ങൾ സംഘടിപ്പിക്കും. 25 അന്വേഷണ ഏജൻസികൾക്കു മുന്നിലാണ് പ്രതിഷേധ പരിപാടി നടക്കുകയെന്ന് കോൺഗ്രസ് നേതാവ് മണിക്കാം ടാഗോർ അറിയിച്ചു.
കൂടാതെ, നാളെ ഇ.ഡി ഓഫീസിലേക്ക് പോകുന്ന രാഹുൽ ഗാന്ധിയെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അനുഗമിക്കും. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കള്ളക്കേസിൽ കുടുക്കാൻ കേന്ദ്രം ഗൂഢാലോചന നടത്തുകയാണെന്ന് മണിക്കാം ടാഗോർ ആരോപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്രം പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്നും ബി.ജെ.പിയുടെ ഏകാധിപത്യ നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇ.ഡി രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും നേരത്തെ സമൻസ് അയച്ചിരുന്നു. എന്നാൽ, കോവിഡ് സ്ഥിരീകരിച്ചതോടെ സോണിയ സമയം നീട്ടിനൽകാൻ ആവശ്യപ്പെടുകയായിരുന്നു. വ‍്യാഴാഴ്ചയാണ് സോണിയക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാഹുൽ ഗാന്ധിയോട് ജൂൺ 13ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഇ.ഡി നിർദേശിച്ചത്. നേരത്തെ, ജൂൺ രണ്ടിന് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വിദേശത്തായതിനാൽ സമയം നീട്ടി നൽകുകയായിരുന്നു.
കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍ നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതാണ് കേസിനാധാരമായ സംഭവം. നാഷണല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍, 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്‍റെ സ്വത്തുക്കള്‍ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യംങ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണം.
കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ മല്ലിഗാർജുൻ ഗാർഖെ, പവൻ ബൻസാൽ എന്നിവരെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.