ഹരിയാന ആവർത്തിക്കരുത്; മഹാരാഷ്ട്രയിൽ കരുതലോടെ പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ്
text_fieldsമുംബൈ: ഹരിയാനയിലെ അപ്രതീക്ഷിത പരാജയത്തിനു പിന്നാലെ മഹാരാഷ്ട്രയിൽ കരുതലോടെ നീങ്ങാൻ കോൺഗ്രസ്. ഹരിയാനയിലെ പോലെ അമിത ആത്മവിശ്വാസത്തോടെയല്ല കോൺഗ്രസ് തെരഞ്ഞെടുപ്പ് നേരിടുന്നത്. നവംബർ 20നാണ് മുംബൈയിൽ നിയമസഭ തെരഞ്ഞെടുപ്പ്. ശിവസേനയിൽ നിന്നും എൻ.സി.പിയിൽ നിന്നും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമ്പോഴും അവരെ വെറുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട് കോൺഗ്രസ്. സഖ്യം സജീവമായി നിലനിർത്താനാണ് കോൺഗ്രസിന്റെ ശ്രമം.
സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിച്ചവരാണ് ഹരിയാനയിൽ കോൺഗ്രസിന്റെ വേരറുത്തത്. അതിനാൽ മുംബൈയിൽ സീറ്റ് വിഭജനത്തിനിടെ അത്തരം പരാതികൾ ഒഴിവാക്കാനും കോൺഗ്രസ് ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 11 മുതർന്ന നിരീക്ഷകരെ എ.ഐ.സി.സി നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് മാത്രമായി രണ്ട് മുതിർന്ന കോർഡിനേറ്റർമാരുമുണ്ട്.
മികച്ച സ്ഥാനാർഥികളെ തെരഞ്ഞെടുക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ടിക്കറ്റ് കിട്ടാത്തവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച പ്രകടനമായിരുന്നു ഇൻഡ്യ സഖ്യത്തിന്റേത്. 13 സീറ്റുകളാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത്. ശിവസേന(യു.ബി.ടി)ക്ക് ഒമ്പതും എൻ.സി.പി(ശരദ് പവാർ) എട്ടും സീറ്റുകളാണ് നേടാനായത്. ഇൻഡ്യ സഖ്യത്തിന് മൊത്തം 31 സീറ്റുകൾ ലഭിച്ചു.
സംസ്ഥാനത്തെ പാർട്ടിയുടെ ഒരുക്കങ്ങൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഹിമാചൽ പ്രദേശിലും തെലങ്കാനയിലും കർണാടകയിലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ കോൺഗ്രസിന്റെ പ്രകടന പത്രിക ഏറെ ചർച്ചയായിരുന്നു. അതുപോലൊന്ന് മുംബൈയിലും പുറത്തിറക്കാനാണ് ആലോചിക്കുന്നത്.
ഹരിയാനയിലെ പോലെ മുന്നിൽ നിന്ന് നയിക്കാൻ ഭൂപീന്ദർ ഹൂഡയെ പോലെ ഒരു നേതാവ് മുംബൈയിൽ ഇല്ല. സീറ്റ് വിഭജനത്തോടൊപ്പം അണികളെ മുഷിപ്പിക്കാതെ നോക്കേണ്ടതും പ്രധാനമാണ്.-മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി. 288 നിയമ സഭ സീറ്റുകളിൽ 260 എണ്ണത്തിൽ പ്രതിപക്ഷ സഖ്യം ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്. 28സീറ്റുകളുടെ കാര്യത്തിലാണ് ധാരണയിലെത്താനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.