കോൺഗ്രസിൽ 'ഒരു കുടുംബത്തിന് ഒരു സീറ്റ്'; ചിന്തൻ ശിബിരത്തിൽ നിർദേശം ചർച്ചയാകും
text_fieldsന്യൂഡൽഹി: ഒരു കുടുംബത്തിന് ഒരു സീറ്റ് എന്ന മാനദണ്ഡം കോൺഗ്രസിൽ വീണ്ടും ചർച്ചയാകുന്നു. രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന ചിന്തൻ ശിബിരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിർദേശം ചർച്ച ചെയ്തതായാണ് വിവരം.
ഒരു കുടുംബത്തിന് ഒരു സീറ്റെന്ന മാനദണ്ഡം ചിന്തൻ ശിബിരത്തിൽ ചർച്ചയാവുമെന്ന് ഉന്നത കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ചിന്തൻ ശിബിരത്തിലും തുടർന്നുള്ള കോൺഗ്രസ് പ്രവർത്തക സമിതിയിലും നിർദേശത്തിന് അംഗീകാരം നൽകിയാലും ഗാന്ധി കുടുംബത്തിന് ബാധകമാക്കില്ലെന്ന് നേതാക്കൾ പറയുന്നു.
കുടുംബ പാർട്ടിയെന്ന ബി.ജെ.പിയുടെ ആരോപണം പുതിയ തീരുമാനത്തിലൂടെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കൂട്ടായ തീരുമാനമുണ്ടാവുന്നില്ലെന്ന വിമർശനം മറികടക്കാൻ പാർലമെന്ററി ബോർഡ് പരിഷ്കരിക്കുന്നത് ഉൾപ്പെടെ നിർണായക മാറ്റങ്ങളുണ്ടാവുമെന്നാണ് സൂചന. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപവത്കരിക്കാനും അതിലൂടെ വിദ്വേഷ രാഷ്ട്രീയത്തെ പ്രതിരോധിക്കാനുമുള്ള നീക്കങ്ങൾ ആരംഭിക്കാനും പ്രവർത്തക സമിതി തീരുമാനിച്ചു. ബി.ജെ.പി ഉയർത്തിക്കൊണ്ടുവരുന്ന വർഗീയ അജണ്ടകളിൽ വീണുപോവാതെ തൊഴിലില്ലായ്മ, അവശ്യസാധനങ്ങളുടെ വിലവർധന തുടങ്ങിയ വിഷയങ്ങൾ ചർച്ചയാക്കണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്.
ഒരു ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക വിഭാഗം പ്രവർത്തിക്കും. പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമായി പരിശീലന സ്ഥാപനം തുടങ്ങാനും പാർട്ടി തീരുമാനിച്ചതായാണ് വിവരം.
പാർട്ടി പദവികളിൽ പകുതി 50 വയസ്സിന് താഴെയുള്ള യുവനേതാക്കളെ പരിഗണിക്കണമെന്നും നിർദേശമുണ്ട്. അതേസമയം, 2008ൽ കർണാടകയിൽ നടപ്പാക്കിയ ഒരു കുടുംബത്തിന് ഒരു സീറ്റ് മാനദണ്ഡം പാർട്ടിക്ക് പ്രതികൂലമായെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം നേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.