പി.എം ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനായി ചമഞ്ഞ് കശ്മീർ യാത്ര, ഇസെഡ് പ്ലസ് സെക്യൂരിറ്റി, ബുള്ളറ്റ് പ്രൂഫ് എസ്.യു.വി, സ്റ്റാർ ഹോട്ടലിൽ താമസം, ഒടുവിൽ പിടിയിൽ...
text_fieldsകശ്മീർ: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉയർന്ന ജീവനക്കാരനാണെന്ന് ജമ്മു കശ്മീർ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ഔദ്യോഗിക സൗകര്യങ്ങൾ നേടി കശ്മീർ ട്രിപ്പ് ആസ്വദിച്ചിരിക്കുകയാണ് ഗുജറാത്ത് സ്വദേശി. ഇസെഡ് പ്ലസ് സുരക്ഷ, ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്കോർപിയോ എസ്.യു.വി, പഞ്ചനക്ഷത്ര ഹോട്ടലിൽ ഔദ്യോഗിക താമസ സൗകര്യം തുടങ്ങിയ കാര്യങ്ങളെല്ലാം അധികൃതരെ തെറ്റിദ്ധരിപ്പിച്ച് നേടിയെടുത്തു.
കിരൺ ഭായ് പട്ടേൽ എന്നയാളാണ് സംസ്ഥാന സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചത്. ഈ വർഷം ആദ്യമാണ് ഇയാൾ ശ്രീനഗറിലെത്തിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ നിരവധി ഉന്നത തലയോഗങ്ങളും നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസിലെ നയതന്ത്ര വിഭാഗം അഡീഷണൽ ഡയറക്ടർ ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ സൗകര്യങ്ങൾ നേടിയെടുത്തത്. 10 ദിവസം മുമ്പ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അറസ്റ്റ് പൊലീസ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെയാണ് അറസ്റ്റ് പരസ്യമാകുന്നത്.
വെരിഫൈഡ് ട്വിറ്റർ അക്കൗണ്ടുള്ള പട്ടേലിന് 1000 ഫോളോവേഴ്സും ഉണ്ട്. ബി.ജെ.പി ഗുജറാത്ത് ജനറൽ സെക്രട്ടറി പ്രദീപ് സിൻഹ് വഖേല ഉൾപ്പെടെയുള്ളവർ ഇയാളെ ഫോളോ ചെയ്യുന്നുണ്ട്.
പാരാമിലിട്ടറി സുരക്ഷാ ഗാർഡുകൾക്കൊപ്പമുള്ളതടക്കം ഔദ്യോഗിക കശ്മീർ സന്ദർശനത്തിന്റെ നിരവധി വിഡിയോകളും ഫോട്ടോകളും ഇയാൾ പങ്കുവെച്ചിരുന്നു. മാർച്ച് രണ്ടിനാണ് അവസാന പോസ്റ്റ്.
ട്വിറ്റർ ബയോ പ്രകാരം വെർജിനിയ കോമൺവെൽത്ത് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി, ഐ.ഐ.എം ട്രിച്ചിയിൽ നിന്ന് എം.ബി.എ, കമ്പ്യൂട്ടർ സയൻസിൽ എം.ടെക്കും കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബി.ഇയും വിദ്യാഭ്യാസ യോഗ്യതയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ചിന്തകൻ, തന്ത്രജ്ഞൻ, വിശകലന വിദഗ്ധൻ, കാമ്പെയ്ൻ മാനേജർ എന്നിങ്ങനെയാണ് ഇയാൾ സ്വയം പരിചയപ്പെടുത്തുന്നത്.
ആദ്യം ഫെബ്രുവരിയിിൽ ഹെൽത്ത് റിസോർട്ടുകളാണ് ഇയാൾ സന്ദർശിച്ചിരുന്നത്. രണ്ടാം സന്ദർശനത്തിലാണ് ഇയാളെ പിടികൂടിയത്. ആദ്യ സന്ദർശനത്തിന് ശേഷം രണ്ടാഴ്ചക്കിടെ വീണ്ടും ശ്രീനഗറിലെത്തിയതോടെ, ജില്ലാ മജിസ്ട്രേറ്റായ മുതിർന്ന ഐ.എ.എസ് ഓഫീസർക്ക് സംശയം തോന്നുകയും അത് പൊലീസിനെ അറിയിക്കുകയുമായിരുന്നു.
പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് തട്ടിപ്പുകാരൻ പി.എം.ഒ ഉദ്യോഗസ്ഥനായി ചമഞ്ഞ് സന്ദർശനം നടത്തുന്നത് തിരിച്ചറിഞ്ഞത്. തട്ടിപ്പ് വ്യക്തമായതോടെ, ശ്രീനഗറിലെ ഹോട്ടലിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. തട്ടിപ്പ് കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയതിന് രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.