രാത്രി ഡ്യൂട്ടിക്ക് ജീവനക്കാരിയുടെ സമ്മതം നിർബന്ധം
text_fieldsന്യൂഡൽഹി: രാത്രി ഏഴു മണിക്കും പുലർച്ച ആറിനുമിടയിൽ വനിത ജീവനക്കാർക്ക് ഡ്യൂട്ടി കൊടുക്കാൻ തൊഴിലുടമ, ജീവനക്കാരിയിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. വാഹനലഭ്യത ഉറപ്പുവരുത്തണം. ആരോഗ്യകരമായ പ്രവൃത്തി സാഹചര്യം ഉറപ്പു വരുത്തണം. പ്രസവാവധി സംബന്ധിച്ച വ്യവസ്ഥകൾക്ക് വിരുദ്ധമായി ഡ്യൂട്ടി കൊടുക്കരുത്. തൊഴിലിട സുരക്ഷ, ആരോഗ്യം, പ്രവൃത്തിസാഹചര്യം എന്നിവ സംബന്ധിച്ച് പാർലമെൻറ് പാസാക്കിയ നിയമം നടപ്പാക്കുന്നതിനായി തൊഴിൽ മന്ത്രാലയം വിജ്ഞാപനം ചെയ്ത കരട് ചട്ടങ്ങളിലാണ് ഈ നിർദേശം.
തുറമുഖങ്ങളിൽ ജോലിചെയ്യുന്നവർ, നിർമാണ തൊഴിലാളികൾ, ഖനികളിൽ ജോലി ചെയ്യുന്നവർ, അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ, കരാർ തൊഴിലാളികൾ, മാധ്യമപ്രവർത്തകർ, ശബ്ദ-ദൃശ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, സെയിൽസ് പ്രമോഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരുടെ സുരക്ഷ, ആരോഗ്യം, ജോലിസാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കരട് ചട്ടത്തിലുണ്ട്. നിർദേശങ്ങൾ സമർപ്പിക്കാൻ 45 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്.
പ്രധാന നിർദേശങ്ങൾ ഇവയാണ്:
- നിയമം പ്രാബല്യത്തിൽ വന്ന് മൂന്നു മാസത്തിനുള്ളിൽ എല്ലാ സ്ഥാപനങ്ങളിലെയും ജോലിക്കാർക്ക്, നിർദിഷ്ട മാതൃകയിൽ നിയമനക്കത്ത് നൽകണം.
- തുറമുഖങ്ങൾ, വ്യവസായശാലകൾ, ഖനികൾ, നിർമാണ മേഖല എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന, 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാർഷിക ആരോഗ്യ പരിശോധന തൊഴിൽ ദാതാവ് നടത്തണം.
- അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്ക് വർഷത്തിലൊരിക്കൽ നാട്ടിൽ പോയിവരാനുള്ള ചെലവ് വഹിക്കണം. ടോൾഫ്രീ ഹെൽപ്ലൈൻ നമ്പർ ഏർപ്പെടുത്തണം.
- മാധ്യമപ്രവർത്തകരുടെ പ്രവൃത്തിസമയം ആറു മണിക്കൂറിൽ കവിയരുത്. രാത്രി ഡ്യൂട്ടി അഞ്ചര മണിക്കൂർ. ഓവർടൈം ജോലിക്ക് പ്രത്യേക വേതനം നൽകണം.
- സ്ഥാപനങ്ങൾക്ക് സിംഗ്ൾ ഇലക്ട്രോണിക് രജിസ്ട്രേഷൻ, ലൈസൻസ്, വാർഷിക സമഗ്ര റിട്ടേണുകൾ എന്നിവക്ക് വ്യവസ്ഥ.
- അഞ്ചു വർഷത്തിലധികമായി ഒന്നിൽകൂടുതൽ സംസ്ഥാനങ്ങളിൽ കരാർ തൊഴിലാളികളെ വിതരണം ചെയ്യുന്ന കരാറുകാർക്ക് ദേശീയതലത്തിൽ ഒറ്റ ലൈസൻസ്.
- കരാർ തൊഴിലാളികൾക്കുള്ള വേതനം, വേതനത്തിനായി പരിഗണിക്കേണ്ട കാലാവധി എന്നിവ കരാറുകാർക്ക് തീരുമാനിക്കാം.എന്നാൽ, ഇത് ഒരു മാസത്തിൽ കൂടാൻ പാടില്ല.
- വേതനത്തിനായി പരിഗണിക്കുന്ന കാലാവധി അവസാനിച്ച ഏഴു ദിവസത്തിനുള്ളിൽ വേതനവിതരണം നടത്തേണ്ടതാണ്.
- ഇലക്ട്രോണിക് രീതിയിൽ മാത്രമേ വേതനവിതരണം നടത്താവൂ.
- അഞ്ഞൂറോ അതിൽകൂടുതലോ തൊഴിലാളികൾ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും സുരക്ഷ സമിതിയുടെ പ്രവർത്തനം നിർബന്ധമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.