അഭിമുഖത്തിനിടെ വിങ്ങിപ്പൊട്ടി ഡാനിഷ് അലി; ‘രാത്രി മുഴുവൻ എനിക്ക് ഉറങ്ങാൻ പറ്റിയില്ല’
text_fieldsന്യൂഡൽഹി: ‘ഒരു പാർലമെന്റംഗമായ എനിക്കിങ്ങനെ സംഭവിച്ചാൽ സാധാരണക്കാരനായ ഒരാളുടെ അവസ്ഥയെന്താകും? അയാൾക്കെതിരെ നടപടിയൊന്നുമുണ്ടായില്ലെങ്കിൽ പാർലമെന്റിൽനിന്ന് പടിയിറങ്ങുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുകയാണ്’ -പാർലമെന്റിൽ ബി.ജെ.പി എം.പി രമേഷ് ബിധുരിയുടെ അസഭ്യവർഷത്തിനിരയായ ബി.എസ്.പി എം.പി ഡാനിഷ് അലി ആകെ തർന്ന മട്ടാണ്. ‘കഴിഞ്ഞ രാത്രി മുഴുവൻ എനിക്ക് ഉറങ്ങാൻ പറ്റിയില്ല. എന്റെ തല പൊട്ടിത്തെറിക്കാൻ പോകുന്ന പോലുള്ള അനുഭവമായിരുന്നു’- എൻ.ഡി.ടി.വി ലേഖകനോട് സംസാരിക്കവെ, വികാരാധീനനായ ഡാനിഷ് അലി വിങ്ങിപ്പൊട്ടി. സംസാരിക്കാൻ കഴിയാതെ പാതിവഴിയിൽ കാമറക്ക് മുഖം കൊടുക്കാതെ അദ്ദേഹം തിരിഞ്ഞുനടക്കുകയായിരുന്നു.
മാധ്യമപ്രവർത്തകൻ സംസാരിക്കാൻ പിന്നാലെ ചെന്നിട്ടും ഡാനിഷ് അലി വഴങ്ങിയില്ല. സംസാരിക്കാൻ കഴിയാതെ അദ്ദേഹം കണ്ണുതുടച്ചുകൊണ്ട് മുറിയിൽകയറി വാതിലടക്കുകയായിരുന്നു. അൽപസമയത്തിനുശേഷമാണ് അദ്ദേഹം മാധ്യമപ്രവർത്തകന്റെ ഒന്നുരണ്ടു ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
‘പാർലമെന്റിന്റെ ഈ പ്രത്യേക സെഷൻ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ അവരുടെ സമുദായം തിരിച്ച് ആക്രമിക്കാൻ വിളിച്ചുചേർത്തതാണോ? ഇത് രാജ്യത്തിന് മുഴവൻ നാണക്കേടായിരിക്കുന്നു. അയാൾക്കെതിരെ അയാളുടെ പാർട്ടി നടപടി സ്വീകരിക്കുകയാണോ മറിച്ച്, പ്രോത്സാഹിപ്പിക്കുകയാണോ ചെയ്യുകയെന്ന് നമുക്ക് നോക്കാം. ഇത് തീർത്തും വിദ്വേഷ പ്രസംഗമാണ്’- ഡാനിഷ് അലി എൻ.ഡി.ടി.വിയോട് പറഞ്ഞു. ബിധുരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡാനിഷ് അലി ലോക്സഭാ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.ഫ
‘ഇതാദ്യമാണ് തെരഞ്ഞെടുക്കപ്പെട്ട ഒരംഗത്തിനെതിരെ പാർലമെന്റിൽ ഇത്തരം അസഭ്യവർഷം നടക്കുന്നത്. വലിയൊരു ഭീഷണിയാണിത്. പുതിയ ഇന്ത്യയുടെ പരീക്ഷണശാലയിൽ പാർട്ടി കേഡർമാരെ പഠിപ്പിക്കുന്നത് ഇതൊക്കെയാണോ എന്നും ഡാനിഷ് അലി ചോദിച്ചു. ‘പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ഇത്തരം പരാമർശങ്ങൾ അങ്ങേയ്ക്ക് മുൻപിൽ വെച്ചുതന്നെ കേൾക്കേണ്ടി വന്നതിൽ വേദനയുണ്ട്’ എന്നായിരുന്നു സ്പീക്കർക്ക് എഴുതിയ കത്തിൽ ഡാനിഷ് അലിയുടെ പ്രതികരണം.
ചന്ദ്രയാൻ 3ന്‍റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ ബി.ജെ.പി എം.പിയായ രമേശ് ബിധുരി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിയത്. ‘ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി പറയുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് കടുത്ത പ്രതിഷേധമുയർത്തിയത്. ലോക്സഭയിൽ നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പിന്നീട് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.