കത്തിയാളുന്ന തീയിൽനിന്നും കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നടരേഷ് ഓടിയത് ജീവിതത്തിലേക്ക്
text_fieldsകരൗലിയിൽ വർഗീയ കലാപത്തിനിടെ കുഞ്ഞിനെ രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം. രാജസ്ഥാൻ പൊലീസ് കോൺസ്റ്റബിൾ നടരേഷ് ശർമ്മയാണ് കത്തിയാളുന്ന തീയിൽനിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
ഹിന്ദു പുതുവത്സര ആഘോഷങ്ങൾക്കിടെയാണ് കരൗലിൽ കലാപം ആരംഭിച്ചത്. ഘോഷയാത്രക്ക് വഴിയൊരുക്കുന്നതിനിടെ ആക്രമി സംഘം കല്ലെറിയുകയായിരുന്നുവെന്ന് നടരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമികൾ വീടിനും സമീപത്തെ കടൾക്കും തീയിട്ടതോടെ പൊലീസ് തീയണക്കാനുള്ള ശ്രമം ഊർജിതമാക്കി. ഇതിനിടയിലാണ് തീപിടിച്ച വീട്ടിൽ സ്ത്രീകളും കൈക്കുഞ്ഞും കുടുങ്ങിയത് ശ്രദ്ധയിൽപെട്ടത്. ഉടനെ കുഞ്ഞിനെ സ്ത്രീകളുടെ കൈയിൽനിന്നും രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തീയിലൂടെ ഓടുന്ന നടരേഷിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേരാണ് നടരേഷിന്‍റെ പ്രവൃത്തിയെ അഭിനന്ദിച്ച് എത്തിയത്. എന്നാൽ, താൻ തന്‍റെ കടമ മാത്രമാണ് നിർവഹിച്ചതെന്ന് നടരേഷ് പ്രതികരിച്ചു.
തീയിൽനിന്നും കുഞ്ഞിനെ രക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ കാണിച്ച ധീരതക്ക് ഗാലന്‍റ്രി അവാർഡ് നൽകണമെന്ന ആവശ്യവും ശക്തമാകുകയാണ്. സ്വന്തം ജീവൻ മറന്ന് നാല് പേരുടെ ജീവൻ രക്ഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥന് പ്രമോഷൻ ഉൾപ്പെടെ നൽകണമെന്നും സമൂഹാധ്യമങ്ങളിൽ ആവശ്യമുയരുന്നുണ്ട്. കലാപത്തെ തുടർന്ന് കരൗലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.