ജമ്മു-കശ്മീരിനെ ഉടച്ചു വാർത്ത് മണ്ഡല പുനർ നിർണയം; പല മണ്ഡലങ്ങളും ഇല്ലാതായി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ നിയമസഭ-ലോക്സഭ മണ്ഡലങ്ങളുടെ പുനർ നിർണയം പൂർത്തിയായപ്പോൾ മുൻ ജമ്മു-കശ്മീർ സംസ്ഥാനത്തെ അപേക്ഷിച്ച് അടിമുടി മാറ്റം. നേരത്തെയുണ്ടായിരുന്ന നിരവധി നിയമസഭ മണ്ഡലങ്ങൾ ഇല്ലാതായതിനൊപ്പം കശ്മീർ ഡിവിഷനിൽ വലിയ ഉടച്ചുവാർക്കലും നിർദേശിക്കുന്നതാണ് കരട് റിപ്പോർട്ട്. ജമ്മു-കശ്മീരിലെ നിയമസഭ സീറ്റുകൾ 83ൽ നിന്ന് 90 ആയി ഉയർന്നു. മുൻ ജമ്മു-കശ്മീർ സംസ്ഥാനത്ത് ഇത് ജമ്മുവിൽ 37, കശ്മീരിൽ 46 എന്നിങ്ങനെയായിരുന്നു.
അനന്ത്നാഗ് ലോക്സഭ മണ്ഡല ഭാഗമായിരുന്ന പുൽവാമ, ത്രാൾ, ഷോപ്പിയാന്റെ ചില ഭാഗങ്ങൾ എന്നിവ ശ്രീനഗർ പാർലമെന്റ് മണ്ഡല ഭാഗമാകും. ജമ്മു മേഖലയിലായിരുന്ന രജൗരി, പൂഞ്ച് അനന്ത്നാഗിൽ ഉൾപ്പെടുത്തി. കുടിയേറ്റ കശ്മീരി പണ്ഡിറ്റുകൾക്ക് മേധാവിത്വമുണ്ടായിരുന്ന ഹബ്ബ കദൽ മണ്ഡലം ഇല്ലാതായി. ഇവിടുത്തെ വോട്ടർമാർ മൂന്ന് മണ്ഡലങ്ങളിലായി. ശ്രീനഗർ ജില്ലയിലെ ഖന്യാർ, സോൻവർ, ഹസ്രത്ബാൽ ഒഴികെ മണ്ഡലങ്ങളെല്ലാം മാറ്റി പുതിയ മണ്ഡലങ്ങളുടെ ഭാഗമാക്കി. ചന്നപ്പോർ, ശ്രീനഗർ സൗത്ത് എന്നിവയാണ് പുതിയ മണ്ഡലങ്ങൾ. ബുദ്ഗാം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളെ പുനർ നിർണയിച്ച് ബാരാമുല്ല ലോക്സഭ മണ്ഡല ഭാഗമാക്കി. ഇവിടെ ചില മണ്ഡലങ്ങൾ വിഭജിച്ച് കുൻസേർ, നോർത്ത് കശ്മീർ മണ്ഡലങ്ങളും സൃഷ്ടിച്ചു.
റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായി, മുഖ്യ തെരഞ്ഞെടുപ്പ് കമീഷനർ സുശീൽ ചന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ കെ.കെ. ശർമ എന്നിവർ തയാറാക്കിയ റിപ്പോർട്ട് വെള്ളിയാഴ്ച അഞ്ച് അസോസിയറ്റ് അംഗങ്ങൾക്ക് കൈമാറി. ഇവർ ഇത് പരിശോധിച്ച് ഈ മാസം 14നകം നിർദേശങ്ങൾ സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.