ഭരണഘടന ബെഞ്ച് വിധി മറ്റു ബെഞ്ചുകൾക്കും ബാധകം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭരണഘടന ബെഞ്ചിെന്റ വിധി കുറഞ്ഞ അംഗബലമുള്ള ബെഞ്ചുകൾക്കും ബാധകമാണെന്ന് സുപ്രീംകോടതി. ഹരിയാനയിൽ പഞ്ചായത്തുകൾ ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് 2022 ഏപ്രിൽ ഏഴിന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് തിരിച്ചുവിളിച്ചുകൊണ്ടാണ് നിർണായക നിരീക്ഷണം നടത്തിയത്.
ഉടമകൾ കൈവശം വെച്ച പരിധിയിലധികമുള്ള ഭൂമി ഹരിയാന ഭൂ നിയമപ്രകാരം പഞ്ചായത്തുകൾ പൊതു ആവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഈ ഭൂമിയിൽ പൊതു ആവശ്യത്തിന് ഉപയോഗിച്ചശേഷം മിച്ചം വന്ന ഭൂമി ഉടമകൾക്ക് തിരിച്ചുനൽകുകയോ പഞ്ചായത്ത് വിൽപന നടത്തുകയോ ചെയ്തു. ഈ നടപടി ശരിവെച്ചുള്ള പഞ്ചാബ്-ഹരിയാന ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സുപ്രീംകോടതി 2022ൽ വിധി പറഞ്ഞത്. മിച്ചം വന്ന ഭൂമി വിൽപന നടത്താനോ ആദ്യത്തെ ഉടമകൾക്ക് തിരിച്ചുനൽകാനോ പഞ്ചായത്തുകൾക്ക് അധികാരമില്ലെന്നായിരുന്നു അന്നത്തെ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയത്. ഏറ്റെടുത്ത ഭൂമിയിൽ പഞ്ചായത്തുകൾക്ക് ഉടമസ്ഥാവകാശമില്ലെന്നും നിയന്ത്രണാധികാരം മാത്രമാണുള്ളതെന്നും പൊതു ആവശ്യത്തിന് ഉപയോഗിച്ചശേഷം ഭൂമി മിച്ചം വന്നാൽ അത് ഭാവിയിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിൽ, ഉടമകളും പഞ്ചായത്തുകളും വിൽപന നടത്തിയ ആയിരക്കണക്കിന് ഏക്കർ ഭൂമി തിരിച്ചെടുക്കാൻ ഹരിയാന സർക്കാർ നടപടി സ്വീകരിച്ചിരുന്നു.
2022ലെ രണ്ടംഗ ബെഞ്ചിെന്റ വിധി പുനഃപരിശോധിക്കണമെന്ന ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഇടപെടൽ. 1966ൽ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിെന്റ അടിസ്ഥാനത്തിലാണ് ഹൈകോടതി വിധി പറഞ്ഞത്. അപ്പീൽ പരിഗണിച്ചപ്പോൾ, 1966ലെ വിധിയെ ഹൈകോടതി ആശ്രയിച്ചത് എന്തുകൊണ്ട് തെറ്റായെന്ന് സുപ്രീംകോടതി ബെഞ്ച് പറയണമായിരുന്നുവെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടന ബഞ്ചിെന്റ വിധി മറ്റ് ബെഞ്ചുകൾക്കും ബാധകമാണെന്ന് പറയാൻ പ്രത്യേക നിയമത്തിെന്റ ആവശ്യമില്ല. അഞ്ചംഗ ഭരണഘടന ബെഞ്ചിെന്റ വിധി രണ്ടംഗ ബെഞ്ച് അവഗണിക്കാൻ പാടില്ലായിരുന്നു. 2022ലെ ഉത്തരവ് പിൻവലിച്ച സുപ്രീംകോടതി, ൈഹകോടതി വിധിക്കെതിരായ അപ്പീൽ ആഗസ്റ്റ് ഏഴിന് പരിഗണിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.