ഹിന്ദുമതത്തെ സംരക്ഷിക്കാൻ ഭരണഘടന മാറ്റിയെഴുതും; വിവാദ പരാമർശവുമായി കർണാടക ബി.ജെ.പി എം.പി
text_fieldsബംഗളൂരു: ഭൂരിപക്ഷം ലഭിച്ചാൽ രാജ്യത്തെ ഭരണഘടന മാറ്റിയെഴുതുമെന്ന് കർണാടകയിലെ ബി.ജെ.പി എം.പി അനന്ത് കുമാർ ഹെഗ്ഡെ. ഹിന്ദു മതത്തെ സംരക്ഷിക്കാൻ ഭരണഘടനയിൽ മാറ്റംവരുത്തണം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകളിൽ പാർട്ടിക്ക് ജയിക്കാനായാൽ മാത്രമേ ബി.ജെ.പിക്ക് ഭരണഘടനയിൽ മാറ്റം വരുത്താനാകുവെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യം കൈവരിക്കാൻ എല്ലാവരും ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നും ഹെഗ്ഡെ അഭ്യർഥിച്ചു. ‘400ലധികം സീറ്റുകൾ നേടാൻ നിങ്ങൾ ബി.ജെ.പിയെ സഹായിക്കണം. ബി.ജെ.പിക്ക് എന്തുകൊണ്ട് 400 പ്ലസ് സീറ്റുകൾ വേണം? മുൻകാലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഭരണഘടനയിൽ വരുത്തിയ മാറ്റങ്ങൾ ഹിന്ദുമതത്തിന്‍റെ പ്രധാന്യം നഷ്ടപ്പെടുത്തി. അത് മാറ്റി ഹിന്ദു മതത്തെ സംരക്ഷിക്കണം. ലോക്‌സഭയിൽ ഇതിനകം ബി.ജെ.പിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്, ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള ഭൂരിപക്ഷം രാജ്യസഭയിൽ പാർട്ടിക്ക് ഇല്ല. അത് നേടാൻ 400 പ്ലസ് സീറ്റുകൾ നമ്മളെ സഹായിക്കും’ -ഹെഗ്ഡെ പറഞ്ഞു.
ലോക്സഭ, രാജ്യസഭ എന്നിവക്കു പുറമെ, സംസ്ഥാന നിയമസഭകളിലും പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. അതിലൂടെ ഭരണഘടന മാറ്റി എഴുതാനുള്ള എല്ലാ തടസ്സങ്ങളും നീങ്ങും. ഇതിലൂടെ ഹിന്ദുമതത്തെ മുൻനിരയിലെത്തിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റി എഴുതുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, എസ്.പി നേതാവ് അഖിലേഷ് യാദവ് എന്നിവരെല്ലാം നേരത്തെ തന്നെ സൂചന നൽകിയിരുന്നു.
കർണാടക സർക്കാർ സംസ്ഥാനത്തുടനീളം ഭരണഘടന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നതിനിടെയാണ് ബി.ജെ.പി എം.പിയുടെ വിവാദ പരാമർശം. ഉത്തര കന്നഡിയിൽനിന്നുള്ള എം.പിയാണ് ഹെഗ്ഡെ. നേരത്തെയും സമാനരീതിയിലുള്ള വിവാദ പരാമർശങ്ങൾ അദ്ദേഹം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.