രാജ്യം കെട്ടിപ്പടുത്ത കർഷകരുടെയും തൊഴിലാളികളുടെയും ആശാരിമാരുടെയും ബാർബർമാരുടെയും ചെരുപ്പുക്കുത്തികളുടെയും ചരിത്രം എവിടെ? -രാഹുൽ ഗാന്ധി
text_fieldsറാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ 'സംവിധാൻ സമ്മാൻ സമ്മേളന'ത്തിൽ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും അമിത് ഷാക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. മോദിയും അമിത് ഷായും അടക്കമുള്ളവർ എല്ലാവശത്ത് നിന്നും ഭരണഘടനയെ നിരന്തരം ആക്രമിക്കുന്നുവെന്നും സംരക്ഷിക്കേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷൻ, സി.ബി.ഐ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ്, ബ്യൂറോക്രസി എന്നിവയെ ബി.ജെ.പി നിയന്ത്രിക്കുന്നു. ബി.ജെ.പി ഫണ്ടുകളും സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നു, പക്ഷേ തങ്ങൾക്കുള്ളത് സത്യസന്ധതയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പണമില്ലാതെയാണ് മത്സരിച്ചതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ ബഹുമാനിക്കുമെന്ന് പറയുന്ന മോദി, അവരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നു. അവർക്ക് ബഹുമാനം നൽകുന്ന പ്രധാനമന്ത്രി, അവരെ സ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
ആദിവാസികളെ വനവാസികൾ എന്ന് വിളിക്കുന്ന ബി.ജെ.പിക്കാർ, അവർക്കായി എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? ആയിരക്കണക്കിന് വർഷങ്ങളായി ആദിവാസികൾ പിന്തുടരുന്ന ജീവിതരീതിയും ചരിത്രവും ശാസ്ത്രവും നശിപ്പിക്കാൻ അവർ ശ്രമിക്കുന്നു. ആദിവാസി എന്നാൽ ആദ്യ ഉടമകളായവർ, വനവാസി എന്നാൽ കാട്ടിൽ ജീവിക്കുന്നവർ എന്നാണ്. ഇതൊരു വാക്ക് മാത്രമല്ല, ആദിവാസികളുടെ മുഴുവൻ ചരിത്രവുമാണ്.
ഇന്ത്യയിലെ വിദ്യാഭ്യാസ രീതിയിൽ ഞാൻ പഠിച്ചിട്ടുണ്ട്. ആദിവാസികളെ കുറിച്ച് പത്തോ പതിനഞ്ചോ വരികൾ മാത്രമേ നിങ്ങൾക്ക് കാണാൻ സാധിക്കൂ. അവരുടെ ചരിത്രം എന്താണ്, അവരുടെ ജീവിതരീതി എന്താണ്, ഒന്നുമില്ല. ഒ.ബി.സി എന്ന വാക്ക് നിങ്ങൾക്കായി ഉപയോഗിച്ചതാണ്. ഇതാണോ പേര്?.
നിങ്ങൾ പിന്നാക്കക്കാരാണെന്ന് ആരാ പറഞ്ഞത്?. നിങ്ങളുടെ അവകാശങ്ങൾ നിങ്ങൾക്ക് നൽകിയിട്ടില്ല. ഈ രാജ്യം കെട്ടിപ്പടുത്ത കർഷകരുടെയും തൊഴിലാളികളുടെയും ആശാരിമാരുടെയും ബാർബർമാരുടെയും ചെരുപ്പുക്കുത്തികളുടെയും ചരിത്രം എവിടെയാണ്- രാഹുൽ ഗാന്ധി ചോദിച്ചു.
അതേസമയം, ഝാർഖണ്ഡിൽ നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിൽ ജെ.എം.എം-കോൺഗ്രസ് സഖ്യം 70 സീറ്റിലാണ് മൽസരിക്കുന്നത്. ബാക്കി സീറ്റുകളിൽ ഇൻഡ്യ സഖ്യത്തിലെ മറ്റ് പാർട്ടികൾ മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.