ഹിന്ദു ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം ഭരണഘടനയും സ്ത്രീകളും ഇന്ത്യയിൽ സുരക്ഷിതരായിരിക്കുമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി സി.ടി. രവി
text_fieldsബംഗളൂരു: ഹിന്ദുക്കൾ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം ഭരണഘടനയും സ്ത്രീകളും ഇന്ത്യയിൽ സുരക്ഷിതരായിരിക്കുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി. കർണാടകയിലെ കലബുറഗിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിവാദ-വർഗീയ പ്രസ്താവനകൾക്ക് കുപ്രസിദ്ധനായ ബി.ജെ.പി നേതാവ്.
'ഹിന്ദുക്കൾ ഭൂരിപക്ഷമായി തുടരുന്ന കാലംവരെ ഇന്ത്യക്ക് ഡോ. അംബേദ്കർ എഴുതിയ ഭരണഘടനയുണ്ടാകും. തുല്യതയുണ്ടാകും. ഹിന്ദുക്കൾ ന്യൂനപക്ഷമായാൽ ഗാന്ധാരത്തിൽ (അഫ്ഗാൻ ഉൾപ്പെടുന്ന ഭൂപ്രദേശത്തെ ഹിന്ദു പുരാണത്തിൽ വിശേഷിപ്പിക്കുന്നത്) സംഭവിച്ചതെന്തോ ഇവിടെയും അത് സംഭവിക്കും' -രവി പറഞ്ഞു.
മതേതരത്വവും മതപരമായ സഹിഷ്ണുതയുമാണ് ഹിന്ദുത്വത്തിന്‍റെ അടിസ്ഥാന പ്രമാണം. സഹിഷ്ണുതയുള്ളവർ ഭൂരിപക്ഷമായിരിക്കുമ്പോൾ മാത്രമേ മതേതരത്വവും സ്ത്രീകൾക്ക് സുരക്ഷയും ഉണ്ടാവുകയുള്ളൂ. സഹിഷ്ണുതയുള്ളവർ ന്യൂനപക്ഷമായാൽ അഫ്ഗാനിലേതിന് സമാനമായ സാഹചര്യമുണ്ടാകും. അവർ ഭൂരിപക്ഷമായാൽ ശരീഅത്തിന് വേണ്ടിയാണ് സംസാരിക്കുക, അംബേദ്കർ എഴുതിയ ഭരണഘടനക്ക് വേണ്ടിയായിരിക്കില്ല -സി.ടി. രവി പറഞ്ഞു.
പ്രീണന രാഷ്ട്രീയം ഒഴിവാക്കി കോൺഗ്രസ് വസ്തുനിഷ്ഠമായ രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്ന് സി.ടി. രവി പറഞ്ഞു. പ്രീണന രാഷ്ട്രീയം കൂടുതൽ പാകിസ്താനുകളെ സൃഷ്ടിക്കും. താൽക്കാലികമായി അധികാരത്തിലേറാൻ അതുമതിയായേക്കും. എന്നാൽ, പാകിസ്താനുകൾ സൃഷ്ടിക്കപ്പെടും. രാജ്യത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്ന് രവി കോൺഗ്രസിനെ ഉപദേശിച്ചു.
കഴിഞ്ഞ ദിവസം അസദുദ്ദീൻ ഉവൈസിയുടെ എ.െഎ.എം.ഐ.എമ്മിനെ സി.ടി. രവി താലിബാനോട് ഉപമിച്ചിരുന്നു. എന്നാൽ, അയാളൊരു കുട്ടിയാണെന്നും ലോകരാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നുമായിരുന്നു പരിഹസിച്ചുകൊണ്ടുള്ള ഉവൈസിയുടെ മറുപടി. താലിബാനാണെങ്കിൽ യു.എ.പി.എ പ്രകാരം നിരോധിക്കാന്‍ ബി.ജെ.പി തയ്യാറുണ്ടോയെന്നും ഉവൈസി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.